വടക്കഞ്ചേരി: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ ഉടന്‍ പിരിക്കില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കമ്പനി തല്കാലം പിന്‍വാങ്ങി.
ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. അതേസമയം, എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടോള്‍ പിരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ജനകീയ വേദി വ്യക്തമാക്കി.
പ്രദേശവാസികള്‍ പ്രതിമാസം 340 രൂപയാണ് ടോള്‍ നല്‍കേണ്ടി വരിക. പന്നിയങ്കര ടോള്‍ പ്ലാസ വഴി 50 സ്കൂള്‍ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോകുന്നത്. ഈ വാഹനങ്ങളും ടോള്‍ നല്‍കണമെന്നാണ് കമ്പനി പറയുന്നത്.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ തിങ്കളാഴ്ച മുതല്‍ പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനാണ് ടോള്‍ കമ്പനി തീരുമാനിച്ചത്. ഇതിന് പിന്നാലെ വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിരുന്നു.
പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂരിലെ ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് കേന്ദ്രമന്ത്രി നിധിന് ഗഡ്കരിക്ക് ഇ മെയില്‍ അയച്ചിരുന്നു. പകര്‍പ്പ് കെ. രാധാകൃഷ്ണന് എം.പിക്കും അയച്ചിട്ടുണ്ട്. ദേശീയപാതയില്‍ മറ്റൊരിടത്തും ഇതുപോലൊരു പ്രശ്നം നിലനില്ക്കുന്നില്ല. പന്നിയങ്കരയില്‍ മാത്രമുള്ള നടപടി ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.