കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് ‘യങ് ഇന്ത്യ’ ക്യാംപെയ്നിന് തുടക്കം.ജനങ്ങളും പാർട്ടിയുമായുള്ള ‘കണക്ഷൻ’ പ്രശ്നം പരിഹരിക്കലാണു ക്യാംപെയ്നിന്റെ ലക്ഷ്യമെന്നു സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിൽ നിയമസഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ‘യങ് ഇന്ത്യ’ ക്യാംപെയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിൽ ജയിച്ചെങ്കിലും തൃശൂരിൽ ബിജെപി ജയിച്ചതിന്റെ വേദന പേറിയാണു യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാംപെയ്നിന്റെയും അംഗത്വ വിതരണത്തിനായി തയാറാക്കിയ ആപ്പിന്റെയും ഉദ്ഘാടനം അഖിലേന്ത്യാ അധ്യക്ഷൻ ബി. വി. ശ്രീനിവാസ് നിർവഹിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ക്യാംപെയ്ൻ സമാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ. ഷിബിന, വി.പി.അബ്ദുൽ റഷീദ്, എ. ഗോവിന്ദൻ നായർ, ഡോ. ഖാദർ മാങ്ങാട്, എം. അസൈനാർ, ബി.പി.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.