തളിപ്പറമ്പ്: ഓട്ടോഗാരേജിന് മുന്നിൽ നിർത്തിയിട്ട ഇരുചക്രവാഹനം മോഷ്ടിച്ച യുവാവിനെ അറസ്റ്റുചെയ്തു. പട്ടുവം അരിയിലിലെ കെ.വി. സിദ്ദീഖി (43)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്.
ചിന്മയ മന്ന റോഡിൽ പ്രവർത്തിക്കുന്ന ഏവൺ ഓട്ടോ ഗാരേജിന് മുന്നിൽ പെയിന്റിങ്ങിനായി നിർത്തിയിട്ട ഇരുചക്രവാഹനം കഴിഞ്ഞ 22നാണ് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പുലർച്ച അഞ്ചോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമായി. കെ.വി. സിദ്ദീഖാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തു.
തുടർന്ന് തളിപ്പറമ്പ് നഗരത്തിൽനിന്ന് ഇയാളെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോൾ കാട്ടാമ്പള്ളി ഭാഗത്ത് ഇരുചക്രവാഹനം ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് പ്രതിയുമായി ചെന്ന് കീരിയാട് വളപട്ടണം റോഡിൽ റിഫാഇയ ജുമാമസ്ജിദിന് സമീപത്തുനിന്ന് കണ്ടെത്തി. എസ്.ഐ ടി. ദിലീപ് കുമാറിന്റെയും എ.എസ്.ഐ എ. ഷൈജുവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.