അമിതവണ്ണംമൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം സമീപകാലത്ത് ഏറിയിട്ടുണ്ട്. ജീവിതശൈലിയിലും ഭക്ഷണരീതികളിലും പ്രകടമായ മാറ്റംവന്നതോടെയാണ് ഇത്. ഒരുപരിധി കഴിഞ്ഞാൽ അമിതവണ്ണം വലിയ ആരോഗ്യപ്രശ്നങ്ങൾക്കും പ്രമേഹമടക്കമുള്ള രോഗങ്ങൾക്കും ജീവൻതന്നെ നഷ്ടപ്പെടാനും കാരണമാകാറുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ കൊണ്ടുവരുന്ന നല്ല ശീലങ്ങൾ മുതൽ മരുന്നുകൾ, ശസ്ത്രക്രിയകൾ ഉൾപ്പെടെ വിവിധതരം ചികിത്സാരീതികൾവരെ ഇന്ന് നിലവിലുണ്ട്.
ആഗോളപ്രശ്നം
ലോകത്ത് പ്രതിവർഷം 2.8 ദശലക്ഷം പേരാണ് അമിതവണ്ണമോ അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലമോ മരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. അമിതവണ്ണം അതിസങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഹൃദയം, ശ്വാസകോശം, തലച്ചോർ, ദഹനപ്രക്രിയ, അസ്ഥികൾ, പേശികൾ തുടങ്ങിയവയെ തകരാറിലാക്കുകയും ചെയ്യും. വന്ധ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾക്കും വഴിയൊരുക്കും. ഉയർന്ന രക്തസമ്മർദം, അനിയന്ത്രിതമായ പ്രമേഹം, കൂർക്കംവലി, ശ്വാസതടസ്സം തുടങ്ങി നിരവധി രോഗാവസ്ഥകളാണ് ഇതുമൂലം ഉണ്ടാകുന്നത്.
കാരണം പലത്
ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമം ഇല്ലായ്മ, അലസമായ ജീവിതക്രമങ്ങൾ, ഉപാപചയ പ്രക്രിയയിലുള്ള വ്യത്യാസം തുടങ്ങിയവയെല്ലാം അമിതവണ്ണത്തിന് കാരണമാകും. പലപ്പോഴും ജനിതക കാരണങ്ങളും ഹോർമോൺ വ്യതിയാനങ്ങളും വണ്ണം കൂടാൻ കാരണമാകാറുണ്ട്. ഒരാളിൽ ഒന്നിലധികം കാരണമുണ്ടെങ്കിൽ ചികിത്സ കൂടുതൽ സങ്കീർണമായേക്കും.
ബോഡി മാസ് ഇൻഡക്സ്
അമിതവണ്ണത്തിന്റെ തോത് ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള ഒരു മാർഗമാണ് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ). കിലോയിലുള്ള ഭാരവും ചതുരശ്ര മീറ്ററിലുളള ഉയരവും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ഇത് കണ്ടെത്തുന്നത്. ഒരു വ്യക്തിക്ക് അപകടകരമായ രീതിയിൽ അമിതവണ്ണമുണ്ടോ എന്നുകണ്ടെത്തി മികച്ച ചികിത്സ തിരഞ്ഞെടുക്കുന്നതും ബിഎംഐയുടെ അടിസ്ഥാനത്തിലാണ്. 18.5 മുതൽ 24.5 വരെയാണ് ആരോഗ്യകരമായ ബിഎംഐ. ഇത് കൂടുന്നതിന് അനുസരിച്ച് അമിതവണ്ണംമൂലമുള്ള സങ്കീർണതകളും വർധിക്കും.
ഭാരം കുറയ്ക്കാം
അമിതവണ്ണംമൂലമുണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹ്യ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ഭാരം കുറയ്ക്കേണ്ടത് ആരോഗ്യത്തോടെയുള്ള ജീവിത്തിന് അനിവാര്യമാണ്. ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയകൾ എന്നിവയിലൂടെ അമിതവണ്ണത്തിന് പരിഹാരം കാണാനാകും. ചികിത്സയ്ക്കൊപ്പം വ്യക്തിയുടെ ഭാഗത്തുനിന്നുള്ള സഹകരണവും ഉണ്ടായാലേ ചികിത്സകൊണ്ട് ഗുണം ലഭിക്കുകയുള്ളൂ. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉണ്ടാക്കിയെടുക്കുക, വ്യായാമം ശീലമാക്കുക, നന്നായി ഉറങ്ങുക തുടങ്ങിയവയിലൂടെ ഒരുപരിധിവരെ
ശരീരഭാരം കുറയ്ക്കാനാകും. ബാരിയാട്രിക് ശസ്ത്രക്രിയ
അമിതവണ്ണത്തിനുള്ള ചികിത്സകളാണ് ബാരിയാട്രിക് ശസ്ത്രക്രിയകൾ. പലതരം ശസ്ത്രക്രിയ ഇന്ന് നിലവിലുണ്ട്. ബിഎംഐയുടെയും മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്റെയും അടിസ്ഥാനത്തിലാണ് ഏത് തരത്തിലുള്ള ശസ്ത്രക്രിയ വേണമെന്ന് നിശ്ചയിക്കുക. ബിഎംഐ 35നും 40നും ഇടയിലുള്ളവർക്ക് ശസ്ത്രക്രിയയാണ് ഉചിതം. പ്രത്യേകിച്ച് അമിതവണ്ണം മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ. സ്ലീവ് ഗ്യാസ്ട്രക്ടമി, ഗ്യാസ്ട്രിക് ബൈപാസ് എന്നിവയാണ് സാധാരണ ശസ്ത്രക്രിയകൾ. ബിഎംഐ 50നു മുകളിലെത്തിയാൽ കൂടുതൽ സങ്കീർണമായ ശസ്ത്രക്രിയകളും നിലവിലുണ്ട്. ശസ്ത്രക്രിയ ലളിതമാണെങ്കിലും നൂതന സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചെയ്യുന്നത്. വണ്ണക്കൂടുതലുള്ള രോഗിയുടെ ആരോഗ്യസ്ഥിതികൂടി പരിഗണിക്കേണ്ടതുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ ആരോഗ്യകരമായ വണ്ണത്തിന് (ഐഡിയൽ വെയ്റ്റ്) അടുത്തെത്താൻ കഴിയും. അതേസമയം തീരെ വണ്ണം കുറയുന്ന സ്ഥിതിയും ഉണ്ടാകില്ല.
ശ്രദ്ധിക്കാം ശസ്ത്രക്രിയക്കുശേഷവും
അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഒരു ഉപായംമാത്രമാണ് ബാരിയാട്രിക് ശസ്ത്രക്രിയകൾ. ജീവിതശൈലിയിൽ മാറ്റംകൊണ്ടുവരികയും ആരോഗ്യകരമായ ഭക്ഷണശീലം തുടർന്നുകൊണ്ടുപോകുകയും വേണം. കൃത്യമായ വ്യായാമം അനിവാര്യമാണ്. വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തണം. രണ്ടാമത് ശസ്ത്രക്രിയ വേണ്ടിവന്നാൽ അത് കൂടുതൽ സങ്കീർണമാകാനും സാധ്യതയുണ്ട്.
(കൊച്ചി ആസ്റ്റർ
മെഡ്സിറ്റിയിൽ സർജിക്കൽ
ഗ്യാസ്ട്രോ എൻട്രോളജിസ്റ്റാണ് ലേഖകൻ )