തിരുവനന്തപുരം: മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭര്‍ത്താവ് നവീന്‍ തന്നെയാണെന്ന് പൊലീസ് നിഗമനം. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്കോ എന്ന ഇമെയില്‍ ഐഡി നവീന്റേതു തന്നെയാണോ എന്നു പരിശോധിക്കുന്നുണ്ട്. നവീന്റെ കാറില്‍ നിന്നും കണ്ടെത്തിയ ലാപ്ടോപിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഇന്ന് ലഭിക്കുന്നതോടെ കേസിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
ധ്യാനത്തിനായി നവീന്‍ മുന്‍പും അരുണാചലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. നവീന്‍ പറയുന്നത് ദേവി പൂര്‍ണമായി വിശ്വസിച്ചിരുന്നു. അരുണാചലിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ കാര്‍ അവിടെ ഉപേക്ഷിച്ചിരുന്നു. ഇതിലായിരുന്നു ലാപ്ടോപ്. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അരുണാചല്‍ പൊലീസ് അന്വേഷണസംഘത്തിന് കൈമാറി. വിദഗ്ധനായ ഒരാള്‍ ഉണ്ടാക്കിയ മുറിവാണ് ഇരുവരുടെയും ശരീരത്തില്‍ എന്നാണ് കണ്ടെത്തല്‍.
ആര്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ബഹിരാകാശത്തെക്കുറിച്ചും ഉല്ക്കകളെക്കുറിച്ചുമൊക്കെ വിവരങ്ങള്‍ വെട്ടി സൂക്ഷിച്ചിരുന്നുവെന്നു കണ്ടെത്തി. ഈ താല്പര്യവും നവീന്റെ ആശയങ്ങളോട് ചേര്‍ന്നുപോകുന്നതിന് കാരണമായി. നവീന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വിശ്വാസം നല്‍കുന്നതിനാണോ ഡോണ്‍ ബോസ്കോയെന്ന വ്യാജ ഇമെയില്‍ വിലാസത്തിലൂടെ ആര്യയ്ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നത് എന്ന സംശയമാണ് പൊലീസിനുള്ളത്. ഡോണ്‍ ബോസ്കോ നവീന്‍ തന്നെയാണോയെന്ന് ഉറപ്പിക്കാന്‍ ഇന്ന് കഴിയും. മറ്റാരെങ്കിലുമാണെങ്കില്‍ പൊലീസിന് കൂടുതല്‍ അന്വേഷണത്തിലേക്കു പോകേണ്ടിവരും.
ആര്യയുടെ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും യാത്രയ്ക്ക് മുന്‍പ് ഇവ നവീന്‍ പണയം വച്ചതായി കണ്ടെത്തി. നവീന്റെ കാറില്‍ നിന്ന് ക്രിസ്റ്റലും ചില പ്രത്യേക തരം കല്ലുകളും കണ്ടെത്തിയിട്ടുണ്ട്.
The post അന്യഗ്രഹ ജീവിതത്തെക്കുറിച്ച് ആര്യയ്ക്ക് സന്ദേശങ്ങള്‍, ഡോണ്‍ ബോസ്കോ നവീന്‍ തന്നെയോ?; രഹസ്യങ്ങള്‍ ഇന്നറിയാമെന്ന് പൊലീസ് appeared first on Keralabhooshanam Daily.