യൂട്യൂബറെ ലോഡ്ജില്‍ കയറി മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികള്‍ക്കെതിരേ കുറ്റപത്രം

-

തിരുവനന്തപുരം>>യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →