ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ആട്ടിയോടിച്ച് കര്‍ണാടകയില്‍ സ്ത്രീകള്‍

-

തുംകൂര്‍>>ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ആട്ടിയോടിച്ച് കര്‍ണാടക ഗ്രാമത്തിലെ സ്ത്രീകള്‍. കര്‍ണാടകയിലെ തുംകൂറില്‍ ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം.കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്കാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്.
ഹിന്ദു കുടുംബത്തില്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളോടെ ക്രിസ്തുമസ് ആഘോഷം നടക്കുന്നുവെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പറാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറിയിച്ചതെന്നാണ് തുകൂരിലെ ബജ്രംഗ്ദള്‍ നേതാവായ രാമു ബജ്രംഗി പറയുന്നത്. എന്നാല്‍ ശക്തമായ രീതിയില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ നടക്കുന്ന ആഘോഷം തടസപ്പെടുത്തുന്നതിലെ നിയമസാധുത സ്ത്രീകള്‍ ചോദ്യം ചെയ്തതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിരോധത്തിലാവുകയായിരുന്നു.

എന്തിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്ന് മറുപടിയാണ് സ്ത്രീകള്‍ നല്‍കിയത്. എന്നാല്‍ ഇത് മാനിക്കാതെ സിന്ദൂരം ധരിക്കാത്തതിനും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.

ഇതോടെ സ്ത്രീകളും രൂക്ഷമായി പ്രതികരിക്കാന്‍ ആരംഭിക്കുകയായിരുന്നു.സംഭവമറിഞ്ഞ് ഗ്രാമത്തിലെ മറ്റു സ്ത്രീകളും സംഘടിച്ചെത്തുകയും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും സ്ത്രീകള്‍ ചോദിക്കാനാരംഭിച്ചതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയെ സ്ഥലം കാലിയാക്കുകയായിരുന്നു.എന്നാല്‍ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്നും ഗ്രാമവാസികള്‍ പരാതിപ്പെടുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →