വുഹാന്‍ ലബോറട്ടറിയില്‍ ഒരിക്കലും വൈറസ് ഉണ്ടായിരുന്നില്ല;ലാബ് ലീക്ക് അന്വേഷണം കൂടുതലായി നടത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയുടെ മറുപടി

രാജി ഇ ആർ -

ബെയ്ജിംഗ് >>> കൊവിഡ് ഉദ്ഭവത്തെക്കുറിച്ച് ലോകത്തിന്റെ സംശയങ്ങള്‍ക്ക് മുന്നില്‍ ശാസ്ത്രീയമായ മറുപടി നല്‍കാനാവാതെ ചൈനീസ് ശാസ്ത്രജ്ഞര്‍. കൊവിഡ് ഉദ്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തിനോട് മുഖം തിരിച്ചിരിക്കുകയാണ് ചൈന ഇപ്പോള്‍.

ലാബില്‍ നിന്നും ചോര്‍ന്നതോ മനുഷ്യ നിര്‍മ്മിതമായതോ ആണ് കൊറോണ വൈറസ് എന്ന ഗൂഢാലോചന സിദ്ധാന്തത്തിന്റെ മുനയൊടിക്കാന്‍ ഇനിയും ചൈനയ്ക്കായിട്ടില്ല, ഇതിന് പുറമേ അന്വേഷണങ്ങളോട് സഹകരിക്കാത്തതും ചൈനയെ സംശയമുനയില്‍ നിര്‍ത്തുന്നു.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന വൈറസാണ് കൊവിഡിന് കാരണമാകുന്നതെന്ന വാദത്തിലാണ് ചൈന ഇപ്പോഴും നില്‍ക്കുന്നത്. ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ലെന്നാണ് ചൈനീസ് ഉന്നത ശാസ്ത്ര ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച ബെയ്ജിംഗില്‍ അഭിപ്രായപ്പെട്ടിരുന്നു.

സാമാന്യബുദ്ധിയെ നിരാകരിക്കുന്നതാണ് ഈ വാദങ്ങളെന്ന് പറഞ്ഞ സംഘം അങ്ങനെ വന്നാല്‍ ചൈനയില്‍ എങ്ങനെ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടും എന്ന് ചോദിച്ചു. മനുഷ്യ നിര്‍മ്മിതമെന്ന വാദം അതിനാല്‍ തന്നെ നിലനില്‍ക്കില്ല. വുഹാന്‍ ലബോറട്ടറിയില്‍ ഒരിക്കലും വൈറസ് ഉണ്ടായിരുന്നില്ലെന്നും ലാബ് ലീക്ക് അന്വേഷണം കൂടുതലായി നടത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തിനോടുള്ള മറുപടിയായി പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കാലത്താണ് ചൈനീസ് കരങ്ങളാണ് മഹാമാരിക്കെന്ന ആരോപണം ശക്തമായി ഉയര്‍ത്തിയത്. എന്നാല്‍ ജോ ബൈഡന്‍ സത്യം കണ്ടെത്താനുള്ള അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടത്.

മൃഗങ്ങളുമായുള്ള മനുഷ്യ സമ്പര്‍ക്കത്തില്‍ നിന്നാണോ ലബോറട്ടറി അപകടത്തില്‍ നിന്നാണോ വൈറസ് ഉണ്ടായതെന്ന പഠനത്തില്‍ അമേരിക്കന്‍ ഏജന്‍സികളും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചത്. കൊവിഡ് കണ്ടെത്തിയെന്ന് കരുതുന്ന പ്രാഥമിക ഉറവിട വസ്തുക്കളിലേക്ക് വിദേശ അന്വേഷക സംഘങ്ങളെ പ്രവേശിപ്പിക്കുവാന്‍ ചൈന ഒരുക്കമല്ലായിരുന്നു. ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘത്തിന് പോലും തെളിവുകള്‍ ശേഖരിക്കാന്‍ മതിയായ സമയമോ സൗകര്യമോ ലഭ്യമായിരുന്നില്ല.