LOADING

Type to search

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന പാതയിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറിയ 80കാരനായ മലയാളി

Latest News Local News News

തൃശ്ശൂര്‍ >>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോര്‍ വാഹന പാതയിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറിയിരിക്കുകയാണ് 80 വയസ്സുള്ള ഒരു മലയാളി. തൃശ്ശൂര്‍ അത്താണി സ്വദേശിയായ എം.പി.ജോസ് എന്ന വ്യക്തിയാണ് തന്റെ സൈക്കിളില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 17,600 അടി ഉയരത്തിലുള്ള ലഡാക്കിലെ ഖര്‍ദുങ് ലായിലെത്തിയത്.

ഖര്‍ദുങ് ലാ സാഹസിക സൈക്കിള്‍ യാത്രികരുടെ സ്ഥിരം ഒരു പോയിന്റാണെങ്കിലും, നിങ്ങള്‍ക്ക് ഇച്ഛാശക്തിയും നിശ്ചയദാര്‍ഡ്യവുമുണ്ടെങ്കില്‍ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് ജോസ് തെളിയിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്ലംബറായ ജോസ് ജൂലൈ 15 -നാണ് തന്റെ യാത്ര ആരംഭിച്ചത്. മോശം കാലാവസ്ഥ കാരണം യാത്ര ഒന്ന് രണ്ട് ദിവസം ജോസ് നിര്‍ത്തിയിരുന്നു. അല്ലായിരുന്നുവെങ്കില്‍ സെപ്റ്റംബര്‍ 11ന് തന്റെ 80-ാം ജന്മദിനം ഖര്‍ദുങ് ലായില്‍ ആഘോഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.

ശ്രദ്ധേയമായ നേട്ടമാണെങ്കിലും ജോസിന്റെ യാത്ര എളുപ്പമായിരുന്നില്ല. ടൈംസ് ഓഫ് ഇന്ത്യയോട് ജോസ് നടത്തിയ സംഭാഷണത്തില്‍ പറഞ്ഞതിങ്ങനെയാമ്, ‘ഏകദേശം ഒമ്പത് ദിവസം മുമ്പ്് ഞാന്‍ ലേ-യിലെത്തിയപ്പോള്‍ എനിക്ക് ഓക്സിജന്‍ പ്രശ്നം നേരിട്ടു. പക്ഷേ എന്റെ സഹ സൈക്ലിസ്റ്റുകള്‍ കൃത്രിമ ഓക്സിജന്‍ നല്‍കി എന്നെ പിന്തുണച്ചു.’

ആരോഗ്യകരമായ ജീവിതശൈലി ഇല്ലാത്ത തന്റെ ആദ്യകാലങ്ങളെക്കുറിച്ചും ജോസ് ഓര്‍ത്തെടുത്തു. താന്‍ പുകവലിക്കുന്നതിനും മദ്യപിക്കുന്നതിനും അടിമയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ 1983ല്‍ കാര്യങ്ങള്‍ മാറി. 39 മിനിറ്റ് 8 സെക്കന്‍ഡില്‍ 10,000 മീറ്റര്‍ ഓടി എത്തിയ ജോസിന്റെ അന്നത്തെ നേട്ടം പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഒരു പത്രത്തില്‍ പുകവലിക്കുന്നതിന്റെ ജോസിന്റെ ഫോട്ടോ കണ്ടപ്പോള്‍ ഒരു ഡോക്ടര്‍ അയാള്‍ക്ക് പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം നല്‍കി. അന്നുമുതല്‍, ജോസ് തന്റെ ജീവിതശൈലി മൊത്തതില്‍ മാറ്റുകയായിരുന്നു.

ജോസ് തന്റെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയത്. ”സൈക്ലിംഗ് എന്റെ അഭിനിവേശമാണ്. ഞാന്‍ പണ്ടുകാലത്ത് ദീര്‍ഘദൂരം സൈക്കിള്‍ ചവിട്ടിയിരുന്നു. എന്നാല്‍ ഇത് ഞാന്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച ദൈര്‍ഘ്യമേറിയ ഒരു സൈക്ലിംഗ് യാത്രയായിരുന്നു,” അദ്ദേഹം പറയുന്നു.

സൈക്ലിംഗ് മാത്രമല്ല, നീന്തല്‍, മാരത്തണ്‍ മത്സരങ്ങളിലും ജോസ് സ്ഥിരമായി പങ്കെടുക്കാറുണ്ട്. കൂടാതെ നിരവധി ട്രയാത്ത്ലോണ്‍ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത ഇവന്റുകള്‍ അടങ്ങുന്ന ഒരു അത്ലറ്റിക് മത്സരമാണ് ട്രയാത്ത്ലോണ്‍. സാധാരണയായി നീന്തല്‍, സൈക്ലിംഗ്, ദീര്‍ഘദൂര ഓട്ടം തുടങ്ങിയവയാണ് ട്രയാത്ത്ലോണിള്‍ ഉള്‍പ്പെടുക.

‘ഓണ്‍ എ സൈക്കിള്‍’ എന്ന കൂട്ടായ്മയായിരുന്നു ജോസിനെ ഈ യാത്രയ്ക്ക് സഹായിച്ചത്. ലഡാക്കിലെത്തിയ ജോസിന് ഇന്ത്യന്‍ സൈന്യവും സഹായം നല്‍കിയിരുന്നു. സൈന്യത്തിന്റെ പ്രത്യേക വാഹനം അദ്ദേഹത്തോടൊപ്പം അനുഗമിച്ചിരുന്നു.

ഖാര്‍ദുങ് ലായിലെ സൈനിക ഉദ്യോഗസ്ഥരുടെ പിന്തുണയ്ക്ക് ജോസ് നന്ദിപറയുകയും അവരെ പ്രശംസിക്കുകയും ചെയ്തു. ജോസിന്റെ ഭാര്യയും മൂന്ന് മക്കളും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായിരുന്നുവെങ്കിലും, ശ്രദ്ധേയമായ ഈ നേട്ടത്തില്‍ അവരും ആവേശഭരിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.