ലോകത്ത് 19.39 കോടി കൊവിഡ് ബാധിതര്‍; 41.59 ലക്ഷം മരണം

രാജി ഇ ആർ -

ന്യൂയോര്‍ക്ക്>>> ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി മുപ്പത്തൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41.59 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി മുപ്പത്തിയാറ് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

അമേരിക്കയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യുഎസിലാണ്. അറുപത്തിനായിരത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയഞ്ച് ലക്ഷം കടന്നു. 6.26 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 35,342 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. 4.19 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 4.05 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 3.04 കോടി പേര്‍ രോഗമുക്തി നേടി.