ലോകത്ത് 19.47 കോടി കൊവിഡ് ബാധിതര്‍; ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകള്‍

രാജി ഇ ആർ -

ന്യൂയോര്‍ക്ക്>>>ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. 41.74 ലക്ഷം പേര്‍ മരിച്ചു.

രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്നര കോടിയിലേറെപ്പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്.

രാജ്യത്ത് 5.49 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 39,742 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവില്‍ 4.08 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.20 ലക്ഷം പേര്‍ മരിച്ചു. 3.05 കോടി പേര്‍ രോഗമുക്തി നേടി.