വര്‍ക്ക് ഫ്രം ഇഷ്ടപ്പെട്ട യുവതലമുറ:മിക്ക ഇന്ത്യന്‍ ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല

-

ന്യൂഡല്‍ഹി>>ഒരു വര്‍ഷത്തിലേറെ നീണ്ട വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് ശേഷം എല്ലാവരും ഓഫീസിലെത്തണം എന്ന നിര്‍ദേശം മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ്. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം കള്‍ച്ചറില്‍ നിന്ന് മാറി വീണ്ടും ഓഫീസ് ക്യുബിക്കിളുകളില്‍ ഒതുങ്ങാന്‍ മിക്ക ജീവനക്കാര്‍ക്കും താല്‍പര്യമില്ല എന്നതാണ് വസ്തുത.

നേരത്തെ, തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുക തൊഴിലുടമയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവനക്കാര്‍ ജോലിയില്‍ വഴക്കവും നിയന്ത്രണവും ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ”തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ അന്തരീക്ഷം ഇഷ്ടാനുസൃതം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം വര്‍ക്ക് ഫ്രം ഹോം നല്‍കുന്നുണ്ടെന്ന് ജീവനക്കാര്‍ക്ക് മനസ്സിലായി. ജീവിതത്തെ ജോലിയുമായി പൊരുത്തപ്പെടുത്തുന്നതിന് പകരം തങ്ങളുടെ വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജോലിയെയും ജോലി സമയത്തെയും ക്രമീകരിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നു”, മെര്‍സര്‍ മെറ്റില്‍ സിഇഒ സിദ്ധാര്‍ത്ഥ ഗുപ്ത പറയുന്നു.

ഓഫീസുകളില്‍ നിന്ന് അകലെയാണെങ്കിലും വര്‍ക്ക് ഫ്രം ഹോം വഴി ആളുകള്‍ക്ക് അവരുടെ ജോലിയോട് കൂടുതല്‍ അടുപ്പം തോന്നി തുടങ്ങിയിട്ടുണ്ട് എന്നാണ് റിക്രൂട്ടര്‍മാര്‍ അവകാശപ്പെടുന്നത്. ‘ജീവനക്കാര്‍ ഇപ്പോള്‍ അവരുടെ ജോലി കൂടുതല്‍ ആസ്വദിക്കുന്നുണ്ട്, അത് അവരിലെ ആത്മാര്‍ത്ഥയും വര്‍ധിപ്പിച്ചിട്ടുണ്ട്’, ഗെറ്റ്വര്‍ക്കിന്റെ സ്ഥാപകനും സിഇഒയുമായ രാഹുല്‍ വീര്‍വാള്‍ പറഞ്ഞു.

‘ആരോഗ്യകരമായി കുടുംബവുമായി ചെലവഴിക്കാന്‍സമയം ലഭിക്കുന്നു എന്നതും ജോലിയുടെ വഴക്കം, സ്വാതന്ത്ര്യം, വിനോദത്തിനുള്ള സമയം, വീട്ടിലെ ഭക്ഷണം, ചെലവ് ലാഭിക്കല്‍, ജോലി ആരും നിരീക്ഷിക്കാനില്ല എന്ന ആത്മവിശ്വാസം തുടങ്ങിയവയാണ് വര്‍ക്ക് ഫ്രം ഹോമിനോടുള്ള ആളുകളുടെ താല്‍പര്യത്തിനുള്ള കാരണങ്ങള്‍’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യാത്രാമാര്‍ഗം ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ‘, ഇന്‍ക്രൂട്ടറിന്റെ സഹസ്ഥാപകനായ അനില്‍ അഗര്‍വാള്‍ പറയുന്നു. പലര്‍ക്കും അവരുടെ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കോ നഗരങ്ങളിലേക്കോ കുടിയേറേണ്ടതായി വരാറുണ്ട്. എന്നാല്‍ കോവിഡും ലോക്ക്ഡൗണും വന്നതിന് ശേഷം മിക്കവരും സ്വന്തം നാട്ടിലേക്ക് മടങ്ങി.

അവര്‍ക്ക് ഇത് ഒരു അനുകൂല സമയമായിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനൊപ്പം അവരുടെ സുഖസൗകര്യങ്ങള്‍ ത്യജിക്കാതെ ജോലിചെയ്യാന്‍ കഴിയുന്നതിനുള്ളസ്വാതന്ത്ര്യം പലരും നന്നായി ആസാദിക്കുന്നുണ്ട്.

”ജോലിക്കായി യാത്ര ചെയ്യുന്നതിനും മറ്റുമായി എടുത്തിരുന്ന സമയം ചെലവഴിക്കാന്‍ പല ജീവനക്കാരും കൂടുതല്‍ ക്രിയാത്മകമായ വഴികള്‍ കണ്ടെത്തി. അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടി”, അഗര്‍വാള്‍ പറയുന്നു.
പലരും റിമോട്ട് വര്‍ക്കിംഗ് മോഡലാണ് ഇപ്പോഴും ഇഷ്ടപ്പെടുന്നത്. പലരും ഹൈബ്രിഡ് മോഡിന് എതിരല്ല. ഹൈബ്രിഡ് എന്നത് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ജോലികളുടെ മിശ്രിതമാണ്. മിക്ക ജോലിസ്ഥലങ്ങളും ഒരു ഹൈബ്രിഡ് മോഡല്‍ ആണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ഇത് ജീവനക്കാരും തൊഴിലുടമകളും മികച്ച വഴിയായിട്ടാണ് കാണുന്നത്.
പല കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് വേണ്ടി കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. ഇന്‍ഡീഡ് ഇന്ത്യയുടെ സെയില്‍സ് ഹെഡ് ശശി കുമാര്‍ പറയുന്നതനുസരിച്ച്, ഇന്‍ഡീഡ് ഇന്ത്യയുടെ പഠനത്തില്‍, ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാപനത്തിലെ തൊഴില്‍ സംസ്‌കാരം, സാമൂഹിക ബന്ധം, സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതായി കണ്ടെത്തി.’ജീവനക്കാര്‍ കൂടുതല്‍ അനുകൂലമായ വര്‍ക്ക്-ലൈഫ് ബാലന്‍സും സാമ്പത്തിക ഉന്നമനവും ആഗ്രഹിക്കുന്നു. മഹാമാരിയ്ക്ക് ശേഷം ഓഫീസ് സംസ്‌കാരം കൃത്യമായി നിലനിര്‍ത്തുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്’, വീര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →