വയനാട്ടില്‍ ഭീതി പടര്‍ത്തി കടുവ; പതിനേഴാമത്തെ വളര്‍ത്തുമൃഗത്തെയും കൊന്നു

-

വയനാട് >>പതിനേഴാമത്തെ വളര്‍ത്തുമൃഗത്തെ കൊന്ന് വയനാട് കുറുക്കന്‍ മൂലയിലെ കടുവ. ഇന്നും പയ്യമ്പള്ളിയില്‍ കന്നുകാലിയെ ആക്രമിച്ച് കൊന്നു.പയ്യമ്പള്ളി വടക്കുംപാടം ജോണ്‍സന്റെ വളര്‍ത്തുമൃഗമാണ് ആക്രമിക്കപ്പെട്ടത്.വനംവകുപ്പ് സര്‍വസന്നാഹങ്ങളൊരുക്കിയിട്ടും കടുവയെ പിടികൂടാനായിട്ടില്ല.കൂട് സ്ഥാപിച്ചും കുങ്കിയാനകളെ ഉപയോഗിച്ചും ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം വയനാട്ടിലെ ഡാറ്റാ ബേസില്‍ ഇല്ലാത്ത കടുവയാണിതെന്നാണ് വനം വകുപ്പിന്റെ നിയമനം.
അഞ്ച് കൂടുകള്‍, ഇരുപതോളം ക്യാമറകളും ഡ്രോണും, രണ്ട് കുങ്കിയാനകള്‍, കണ്ടാലുടന്‍ മയക്ക് വെടിവയ്ക്കാന്‍ വെറ്ററിനറി സര്‍ജന്‍, രാത്രിയും പകലും തെരച്ചില്‍ നടത്താന്‍ മുന്നൂറോളം വനപാലകര്‍. വനംവകുപ്പ് സര്‍വസന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ കടുവ പ്രദേശത്ത് ഭീതി പരത്തുകയാണ്. കുംകിയാനകളെ ഉപയോഗിച്ചും ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.
പ്രദേശത്തുതന്നെ കടുവയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേഷ് വിഷ്ണോയ്, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും സംഘത്തോടൊപ്പമുണ്ട്. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് ഭീതിപരത്തുന്ന കടുവ 17 വളര്‍ത്തു മൃഗങ്ങളെയാണ് കൊന്നത്. ഇന്നും പയ്യമ്പള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നു.
കുറുക്കന്‍മൂല, ചെറൂര്‍, കുറുവ, കാടന്‍കണ്ടി എന്നീ പ്രദേശങ്ങളിലാണ് കടുവ മാറി മാറി സഞ്ചരിക്കുന്നത്.സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കും പുലര്‍ച്ചെ പാലുമായി പോകുന്ന ക്ഷീര കര്‍ഷകര്‍ക്കും വനംവകുപ്പ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഉത്തര മേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി കെ വിനോദ് കുമാര്‍ കുറുക്കന്‍മൂലയിലെത്തി സാഹചര്യം വിലയിരുത്തി. വയനാട്ടില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത കടുവയാണിതെന്നാണ് നിഗമനം.കെണിയില്‍ കുടുങ്ങി പരിക്കേറ്റ നിലയിലാണ് കടുവ.കഴുത്തിന് ചുറ്റും ആഴത്തിലുള്ള മുറിവുണ്ട്.

നിലവിലെ ശ്രമങ്ങള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ വനം വകുപ്പ് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.പ്രത്യേക ദൗത്യ സേനയെ വിന്യസിച്ച് എത്രയും വേഗം കടുവയെ പിടികൂടണമെന്നാണ് ആവശ്യം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →