വാട്ടര്‍ അതോറിറ്റി കടുത്ത പ്രതിസന്ധിയില്‍; നഷ്ടം 594 കോടി കവിഞ്ഞു, ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം ഒച്ചിഴയുന്നത് പോലെ

തിരുവനന്തപുരം>>കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 594 കോടി കവിഞ്ഞതോടെ വാട്ടര്‍ അതോറിറ്റി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കുടിവെള്ളനിരക്ക് കൂട്ടിയോ, സര്‍ക്കാര്‍ സഹായം വര്‍ദ്ധിപ്പിച്ചോ പ്രതിസന്ധി പരിഹരിക്കണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. ഉത്പാദന ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസം ഏറുന്നതാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതിസന്ധിക്ക് കാരണം. ആയിരം ലിറ്റര്‍ കുടിവെള്ളം ഉപഭോക്താവിന് നല്‍കുമ്പോള്‍ 13.41 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നാണ് കണക്ക്. 2194 കോടി പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ളത് 422 കോടിയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മാത്രം 594 കോടി കവിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്‌കരിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിയെ തഴഞ്ഞു. ശമ്പള പരിഷ്‌കരണം പ്രതിമാസം ഉണ്ടാക്കുന്ന 10 കോടി രൂപയുടെ അധിക ബാധ്യത എങ്ങിനെ പരിഹരിക്കുമെന്നാണ് ധനവകുപ്പിന്റെ ചോദ്യം. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജീവനക്കാരും പെന്‍ഷന്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് വിരമിച്ച ജീവനക്കാരും സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം. അതേസമയം സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പടെ കുടിശ്ശിക വരുത്തിയട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →