വഖഫില്‍ രണ്ടാം ഘട്ട സമരത്തിന് ലീഗ്; ഈ മാസം 27 ന് മാര്‍ച്ച്, പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരം

മലപ്പുറം>> വഖഫ് നിയമനത്തില്‍ രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് ഈ മാസം 27 ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാര്‍ച്ചും പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരവും നടത്തും. മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചര്‍ച്ചക്ക് വിളിപ്പിച്ചത് തന്നെ കബളിപ്പിക്കാനാണെന്നും ചര്‍ച്ച തന്നെ വലിയ പ്രഹസനമായിരുന്നെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ശക്തമായ തുടര്‍സമരങ്ങള്‍ സര്‍ക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് നേതൃത്വം. നിയമസഭാ തെരെഞ്ഞെടുപ്പ് തോല്‍വി പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും യോഗം വിലയിരുത്തി.

അതേസമയം കമ്മ്യൂണിസത്തിനെതിരെ സമസ്ത പ്രമേയം അവതരിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിന്റെ കണ്‍വീനര്‍ സലിം എടക്കര പ്രമേയം അവതരിപ്പിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവല്‍ക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പ്രമേയത്തില്‍ പറയുന്നത്. സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണെന്നും സമസ്ത പ്രമേയത്തില്‍ പറഞ്ഞു. സമുദായത്തിനുള്ളില്‍ ചിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. മുമ്പില്ലാത്ത വിധം വിവിധ മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണം നടക്കുന്നുണ്ടെന്നും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും സമസ്ത പ്രമേയത്തില്‍ പറഞ്ഞു.