LOADING

Type to search

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’; കിരണിന് കുരുക്കായി സ്വന്തം ഫോണ്‍വിളികളുടെ റെക്കോര്‍ഡുകള്‍

Kerala

കൊല്ലം>> കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വിചാരണ കൊല്ലത്ത് അതിവേഗം പുരോഗമിക്കുകയാണ്.


കേസില്‍ കിരണ്‍ കുമാറിന് തിരിച്ചടിയായേക്കാവുന്ന ഫോണ്‍ റെക്കോര്‍ഡുകളും കോടതിയില്‍ എത്തി. സ്വന്തം ഫോണ്‍വിളികള്‍ തന്നെയാണ് കിരണ്‍ കുമാറിന് കുരുക്കായി മാറിയേക്കാന്‍ സാധ്യതയുള്ളത്.

വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഭര്‍ത്താവ് കിരണ്‍ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിസ്മയയുടെ ഭര്‍ത്താവ് കിരണും കിരണിന്റെ അളിയന്‍ മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. ഇതടക്കം കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്.

കൊല്ലത്തെ വിചാരണ കോടതിയില്‍ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്‌ബോഴാണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് ഹാജരാക്കിയത്. സ്ത്രീധനത്തിന്റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നല്‍കുകയോ ചെയ്താല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’ എന്ന് കിരണ്‍ പറയുന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ എത്തിച്ചത്. സഹോദരി ഭര്‍ത്താവ് മുകേഷുമായുള്ള സംഭാഷണത്തിലായിരുന്നു കിരണിന്റെ പരാമര്‍ശം.

സ്ത്രീധനത്തിനു വേണ്ടി കിരണ്‍ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ഫോണ്‍ സംഭാഷണം ഹാജരാക്കിയത്. വിസ്മയയുടെ വീട്ടില്‍ വച്ച് താന്‍ വിസ്മയയെ മര്‍ദിച്ചു എന്ന കാര്യം കിരണ്‍ തന്നെ സഹോദരി ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും കോടതിക്ക് മുന്നില്‍ എത്തി. വണ്ടിയില്‍ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്നാണ് കിരണ്‍ പറയുന്നത്.

കിരണിന്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം പൊലീസ് കിരണിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം കണ്ടെത്തിയതും കേസിലെ നിര്‍ണായക തെളിവായി ഈ സംഭാഷണങ്ങള്‍ മാറുന്നതും.
സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് മകളെ കിരണ്‍ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന കാര്യം വിസ്മയയുടെ അമ്മ കോടതിക്ക് മുന്നില്‍ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് വിസ്മയ അമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കി.

അതേസമയം ചെറിയകാര്യത്തിന് പോലും പ്രകോപിതയായി ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടാനുള്ള പ്രവണത വിസ്മയയ്ക്ക് ഉണ്ടായിരുന്നെന്നും പലപ്പോഴും ഇക്കാര്യത്തില്‍ വിസ്മയയെ ഉപദേശിച്ചിരുന്നതായും പിതാവ് ത്രിവിക്രമന്‍ നായര്‍ പ്രതിഭാഗം വിചാരണയില്‍ സമ്മതിച്ചിരുന്നു. 2020 ഓഗസ്റ്റ് 29 ന് കൊല്ലത്ത് നിന്നും വരുമ്‌ബോള്‍ വിസ്മയ കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചതായി കിരണ്‍ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രതിഭാഗം വക്കീലിനോട് പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് കിരണും ത്രിവിക്രമന്‍ നായരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. വിസ്മയയുടെ സഹോദരന്‍ വിജിത്ത് നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതില്‍ കിരണിന് എതിര്‍പ്പുണ്ടായിരുന്നെന്നും അതിനാല്‍ കിരണിനെ വിജിത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ത്രിവിക്രമന്‍ നായര്‍ക്ക് സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ജനുവരിയില്‍ വീട്ടിലെത്തിയ വിസ്മയയും കിരണും തമ്മില്‍ ഫോണ്‍സംഭാഷണങ്ങള്‍ ഉണ്ടായിരുന്നതായും തന്റെ സമ്മതമില്ലാതെ സഹോദരനും അച്ഛനും വിവാഹമോചന കേസ് നല്‍കാന്‍ പോകുന്നതായി വിസ്മയ കിരണിനോട് പറഞ്ഞ ഫോണ്‍ സംഭാഷണം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. താനുമായി കിരണ്‍ നടത്തിയ ഫോണ്‍ സംഭാഷണം ത്രിവിക്രമന്‍ നായര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.

മാട്രിമോണിയല്‍ വഴി വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് തന്റെ മകള്‍ക്ക് താന്‍ 101 പവന്‍ സ്ത്രീധനം നല്‍കിയെന്നും നിങ്ങള്‍ എന്ത് നല്‍കുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചെന്നും 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും ഒരു കാറും നല്‍കാമെന്ന് സമ്മതിച്ചെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് കാരണം 80 പവന്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളു. ടയോട്ട യാരിസ് കാറാണ് താന്‍ വാങ്ങി നല്‍കിയതെന്നും കോടതിയില്‍ വെളിപ്പെടുത്തി.

വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല. വേറെ കാര്‍ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാര്‍ വാങ്ങി നല്‍കാമെന്ന് വിവാഹ ദിവസം തന്നെ താന്‍ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ സ്വര്‍ണം ലോക്കറില്‍ വയ്ക്കാനായി തൂക്കി നോക്കിയപ്പോള്‍ അളവില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് കിരണ്‍ വിസ്മയയെ ഉപദ്രവിച്ചതായും ഫോണില്‍ കിരണ്‍ വിളിച്ചപ്പോള്‍ മകള്‍ കരഞ്ഞുകൊണ്ട് തന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കകുകയുണ്ടായി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.