കെ.എം. ഷാജിയുടെ അനധികൃത സമ്പാദ്യം; സ്വത്തിന് പുതിയ അവകാശികളെ ഉണ്ടാക്കുന്നതായി വിജിലന്‍സ്

ന്യൂസ് ഡെസ്ക്ക് -

കോഴിക്കോട്>>> വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഒന്നൊന്നായി കുരുക്കുകള്‍ മുറുകിയതോടെ, ആസ്തികള്‍ക്ക് കെ.എം. ഷാജി പുതിയ അവകാശികളെ ഉണ്ടാക്കുന്നതായി വിജിലന്‍സ്.

കേസില്‍നിന്ന് ഒഴിവാകാന്‍ ആസ്തികളില്‍ പലതും മറ്റുള്ളവര്‍ക്കുകൂടി പങ്കാളിത്തമുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമംനടത്തുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.

വീടിന്റെയടക്കം കാര്യത്തിലാണ് ദുരൂഹത ഏറെയുള്ളത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതിനുപിന്നാലെ ഷാജി നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിവരം. ഷാജിയുടെ ആസ്തികളില്‍ ഏറ്റവും വലുത് ചേവായൂര്‍ മാലൂര്‍കുന്നില്‍ 5420 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച വീടാണ്. ഇതിന് 1.62 കോടി രൂപ ചെലവാക്കിയെന്നാണ് വിജിലന്‍സ് കണക്കാക്കിയത്.

വീട്ടിലെ വിലകൂടിയ ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍, വീട് നില്‍ക്കുന്ന ഭൂമി എന്നിവയുടെ മൂല്യംകൂടി കണക്കാക്കിയാല്‍ ഇത് മൂന്നരക്കോടിയോളമാവും. ഭാര്യ ആശയുടെ അപേക്ഷയില്‍ 3500 അടിയില്‍ താഴെയുള്ള വീട് നിര്‍മിക്കാനാണ് കോഴിക്കോട് കോര്‍പറേഷന്‍ അനുമതി നല്‍കിയത്.

എന്നാല്‍, പെര്‍മിറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ വലുപ്പത്തില്‍ മൂന്നു നിലയായി വീട് നിര്‍മിച്ചു. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റടക്കം വാങ്ങിയതുമില്ല. പിഴയടച്ച് വീടുനിര്‍മാണം ക്രമപ്പെടുത്താന്‍ നല്‍കിയ അപേക്ഷയില്‍ ആശക്കൊപ്പം അലി അക്ബര്‍, അഫ്‌സ എന്നിവരുടെ പേരുമുണ്ട്. ഇതോടെയാണ് ദുരൂഹതകള്‍ ഉയര്‍ന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →