വിദ്യാശ്രീ പദ്ധതി വഴി ലാപ്ടോപ്പുകള്‍ ലഭിക്കുന്നില്ല; സ്വന്തമായി വാങ്ങി ബില്ല് ഹാജരാക്കിയാല്‍ പണം നല്‍കുമെന്ന് സര്‍ക്കാര്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>ഡിജിറ്റല്‍ പഠനസൗകര്യം എല്ലാവര്‍ക്കും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിദ്യ ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ലാപ്‌ടോപ്പുകള്‍ നല്‍കുകയായിരുന്നു സര്‍ക്കാര്‍

പദ്ധതി. കെഎസ്എഫ്ഇ വഴിയുള്ള വായ്പക്ക് പ്രതിമാസം 500 രൂപ വീതം ആയിരുന്നു തിരിച്ചടവ്. എന്നാല്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാമെന്നേറ്റ കമ്പനികള്‍ പിന്നോട്ടുപോയി. ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണ്.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ലാപ്‌ടോപ്പുകളോ ടാബ്ലറ്റുകളോ സ്വന്തമായി വാങ്ങാം. ബില്ല് ഹാജരാക്കിയാല്‍ ഇരുപതിനായിരം രൂപ വരെ കെഎസ്എഫ്ഇ വായ്പ നല്‍കും. പ്രതിമാസം 500 രൂപ വീതം 40 മാസം കൊണ്ടാണ് തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ടത്.


മാര്‍ക്കറ്റിലുള്ള മുന്‍നിര കമ്പനികള്‍ ആണ് വിദ്യാശ്രീ പദ്ധതി വഴി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാമെന്ന് ഏറ്റത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ആവശ്യത്തിനനുസരിച്ച് ഇവ വിതരണം ചെയ്യാന്‍ കമ്ബനികള്‍ക്ക് കഴിഞ്ഞില്ല.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവാണ് ഇതിന് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ എത്താത്തതിനാല്‍ ലാപ്‌ടോപ്പ് ഉല്‍പാദനം നടക്കുന്നില്ലെന്നാണ് കമ്പനികളുടെ വാദം. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്.

വിദ്യാശ്രീ പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുക. അറുപത്തി രണ്ടായിരത്തോളം പേരാണ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതില്‍ അയ്യായിരത്തോളം പേര്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനായത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡ് ആയ കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്‌തെങ്കിലും ഇവ പലതും തകരാറിലായി.

നിലവില്‍ ബുക്ക് ചെയ്തിരിക്കുന്ന കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ തന്നെ മതി എന്നുള്ളവര്‍ക്ക് അല്പം കാത്തിരുന്നാല്‍ ലഭ്യമാക്കാന്‍ ആകും എന്നാണ് സര്‍ക്കാര്‍ നിലപാട്.

ലാപ്‌ടോപ്പുകളും ടാബ്ലറ്റുകളും ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തിയ കമ്പനികള്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാന്‍ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.