
ഉക്രൈന്>>
കാറുകളും വാഹന ഭാഗങ്ങളും ഉള്‍പ്പെടെ 200 ഇനങ്ങളുടെ കയറ്റുമതി നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രെയ്ന് ആക്രമിച്ചതിന് റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉക്രെയ്ന്-റഷ്യ യുദ്ധത്തിന്റെ പേരില്‍ രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ഈ നീക്കം. 200 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഒപ്പമാണ് കാറുകളുടെയും ഓട്ടോ പാര്ട്സുകളുടെയും കയറ്റുമതിയും നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനം വരും ദിവസങ്ങളില്‍ വാഹന നിര്‍മ്മാതാക്കള്‍ നേരിടുന്ന അര്‍ദ്ധചാലക പ്രതിസന്ധി കൂടുതല്‍ വഷളാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം റഷ്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
കാര്‍, ഓട്ടോ പാര്‍ട്സ് കയറ്റുമതിക്ക് റഷ്യ ഏര്‍പ്പെടുത്തിയ വിലക്ക് ഈ വര്‍ഷം അവസാനം വരെ തുടരും. റഷ്യയുടെ കയറ്റുമതി പട്ടികയില്‍ നിന്ന് നീക്കം ചെയ്ത ഇനങ്ങളില്‍ വാഹനങ്ങള്‍, ടെലികോം, മെഡിക്കല്‍, കാര്‍ഷിക, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, തടി എന്നിവ ഉള്‍പ്പെടുന്നു. ‘റഷ്യയ്ക്കെതിരെ ശത്രുതാപരമായ നടപടികള്‍ കൈക്കൊള്ളുന്ന സ്ഥലങ്ങളിലേക്ക് നിരവധി തരം ഉല്പന്നങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു..’ എന്ന് മോസ്കോ വ്യാഴാഴ്ച പറഞ്ഞു.
”റഷ്യയ്ക്കെതിരെ ചുമത്തിയ ഉപരോധങ്ങള്‍ക്കുള്ള യുക്തിസഹമായ പ്രതികരണമാണ് ഈ നടപടികള്‍.. ഇവ സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളുടെ തടസമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.. ‘ റഷ്യന്‍ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയില്‍ നിന്ന് പിന്‍വാങ്ങിയ പാശ്ചാത്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും ദേശസാത്കരിക്കുമെന്ന റഷ്യയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം . കഴിഞ്ഞ മാസം സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഹോണ്ട , ടൊയോട്ട , ഫോക്സ്വാഗണ് , ജനറല്‍ മോട്ടോഴ്സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ , മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫോര്‍ഡും ബിഎംഡബ്ല്യുവും അവരുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക മാത്രമല്ല, അവരുടെ വാഹനങ്ങള്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു .
ജീപ്പ്, ഫിയറ്റ്, പ്യൂഷോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പായ സ്റ്റെല്ലാന്റിസും വ്യാഴാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതിയും കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു. റഷ്യയിലെ കലുഗയില്‍ സ്റ്റെല്ലാന്റിസിന് മിത്സുബിഷിയുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മ്മാണ പ്ലാന്റ് ഉണ്ട്.