വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം; കുറ്റപത്രം ചൊവ്വാഴ്ച

രാജി ഇ ആർ -

ഇടുക്കി>>> വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. കുട്ടിയുടെ അയല്‍വാസിയായ വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനാണ്(22) കേസിലെ പ്രതി. ബലാത്സംഗവും കൊലപാതകവും പോക്സോയുമടക്കം ആറ് വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാനും, പരമാവധി ശിക്ഷ ഉറപ്പാക്കാനുമാണ് നേരത്തെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 36 സാക്ഷികളുണ്ട്. ഇതുവരെ 150ലധികം പേരുടെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ 30നാണ് കുട്ടിയെ ലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം അയല്‍വാസികളിലേക്ക് നീങ്ങി. തുടര്‍ന്ന് നിരവധിപേരെ ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായാണ് അര്‍ജുന്‍ മൊഴി നല്‍കിയത്.

കൊല്ലപ്പെട്ട ദിവസം ആറ് വയസുകാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ ആദ്യ മൊഴി. എന്നാല്‍ അര്‍ജുന്‍ അന്ന് ഉച്ചയ്ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു.

സംഭവ ദിവസം ഉച്ചകഴിഞ്ഞ് പ്രതിയും മൂന്ന് സുഹൃത്തുക്കളും സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ പോയിരുന്നു. അല്പം കഴിഞ്ഞ് അര്‍ജുനെ കാണാതായി. ഇതും സംശയത്തിനിടയാക്കി. ജൂലായ് നാലിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

മാതാപിതാക്കള്‍ ജോലിയ്ക്ക് പോയ സമയത്തായിരുന്നു പീഡനം. കുട്ടിയ്ക്ക് മിഠായി നല്‍കി മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിനിടെ അബോധാവസ്ഥയിലായ ആറുവയസുകാരി മരിച്ചെന്ന് തെറ്റിദ്ധരിച്ച് കെട്ടിത്തൂക്കി. ഈ സമയത്ത് കുട്ടി പിടഞ്ഞ് മരിക്കുകയായിരുന്നു.