LOADING

Type to search

വൈക്കത്ത് യുവാവും യുവതിയും മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍; കാരണം എന്തെന്നറിയാതെ വീട്ടുകാര്‍

Latest News Local News News

കോട്ടയം>>>വൈക്കത്ത് നിന്ന് ഇന്ന് രാവിലെയാണ് നാടിനെ ആകെ ഞെട്ടലിലാക്കിയ വാര്‍ത്ത പുറത്തുവന്നത്. കോട്ടയം വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരത്തിന് സമീപമാണ് യുവാവിനെയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്‍ മകന്‍ അമര്‍ജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍ മകള്‍ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്.

ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടത്. അയല്‍വാസിയായ മനോജ് സുഹൃത്തിന്റെ വീട്ടില്‍ വച്ചിരുന്ന ബൈക്ക് എടുക്കുവാന്‍ പോകുമ്‌ബോള്‍ യാദൃശ്ചികമായി ആണ് രണ്ടുപേരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് അതിരാവിലെ തന്നെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് ദാരുണമായ മരണവാര്‍ത്ത പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലം ഏറെനാളായി കാടുപിടിച്ചു കിടക്കുകയായിരുന്നു. അവിടെ ഒരു മരത്തിന്റെ തന്നെ രണ്ടു കൊമ്ബുകളില്‍ ആണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഏറെ പൊക്കമില്ലാത്ത ശാഖകളില്‍ ആണ് ഇരുവരും തൂങ്ങിമരിച്ചത്.

ഇവര്‍ക്കിടയില്‍ പ്രണയയോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. നാട്ടുകാരും ഇതേ വിവരമാണ് വൈക്കം പോലീസിന് കൈമാറിയത്. സംഭവത്തെക്കുറിച്ച് നിലവില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. രാവിലെ തന്നെ വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കുലശേഖര മംഗലത്ത് സംഭവസ്ഥലത്ത് എത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് പരിശോധനയും പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.

അമര്‍ജിത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുകയായിരുന്നു. കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയാണ്. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരിക്കാം എന്ന് സംശയമാണ് പോലീസ് ഇപ്പോള്‍ പങ്കുവെക്കുന്നത്. അതേസമയം പ്രണയത്തിലായിരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കില്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു എന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് അറിയുമായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ മൊഴി.

ജാതീയമായ വ്യത്യാസം കാരണം വിവാഹം നടക്കില്ല എന്ന സംശയം ആത്മഹത്യയ്ക്ക് കാരണമായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ വീടുകളില്‍ ഉണ്ടായിട്ടില്ല എന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. കൃഷ്ണപ്രിയ എറണാകുളത്താണ് പഠിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.