സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം ഇന്ന് മുതല്‍; ആദ്യ ദിനം തന്നെ പ്രതിസന്ധി

രാജി ഇ ആർ -

തിരുവനന്തപുരം>>>സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം ഇന്ന് ആരംഭിക്കാനിരിക്കേ ആദ്യം ദിനം തന്നെ പ്രതിസന്ധി. ഇന്ന് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യം ആദ്യ ദിവസം നടപ്പാക്കാനാകില്ല.

ഇന്നു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് വാക്‌സിന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തില്‍ വാക്‌സിന്‍ സ്റ്റോക്കില്ല. ജില്ലയില്‍ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റീവ് രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്.

മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്‌സിനാണുള്ളത്. മറ്റ് ജില്ലകളിലും ഒരു ദിവസത്തേക്കുള്ളതാണ് അവശേഷിക്കുന്നത്. ഇന്ന് രാത്രിയോടെ വാക്‌സിന്‍ എത്തുമെന്നാണ് വിവരം. ഇത് എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ തന്നെ മുടങ്ങും.

ഈ മാസം 15 നുള്ളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദ്യ ഡോസ് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. 60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്സിന്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കും.

അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സംസ്ഥാനത്തിന് ലഭിക്കുന്ന വാക്സിന് പുറമേ സ്വകാര്യ ആശുപത്രികളിലും വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്സിനുകളില്‍ നിന്ന് ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിനുവേണ്ട സൗകര്യം ഒരുക്കാവുന്നതാണ്.