വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍.ടി.പി.സി.ആര്‍. രേഖയോ ഉള്ളവര്‍ക്കു മദ്യം വാങ്ങാം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

രാജി ഇ ആർ -

തിരുവനന്തപുരം>>> സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇന്ന് മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം. ഒരു ഡോസ് വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധന ഫലമോ ഉള്ളവര്‍ക്ക് മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. ഇന്ന് മുതല്‍ ഈ നിബന്ധന ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ലറ്റുകളിലടക്കം നടപ്പാക്കും. എല്ലാ ഔട്ട്ലറ്റുകളിലും ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാന്‍ ബെവ്കോ നിര്‍ദേശം നല്‍കി.

കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലുണ്ടാകും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് വാക്സിന്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് എടുത്തവര്‍.72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നു പോയതിന്റെ സര്‍ട്ടിഫിക്കറ്റി ഉള്ളവര്‍. എന്നിങ്ങനെയാണ് മദ്യം വാങ്ങുന്നതിനായി ബെവ്കോ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സര്‍ക്കാര്‍ പുതിയതായി നടപ്പാക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നും കടകളില്‍ പോകുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.