കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ജനുവരി മൂന്ന് മുതല്‍

-

ന്യൂഡല്‍ഹി>>കൗമാരക്കാര്‍ക്ക് ഉള്ള കൊവിഡ് വാക്‌സിന്‍ ജനുവരി മൂന്ന് മുതല്‍ വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള കൊവിഡ് മുന്‍ നിര പോരാളികള്‍ക്കും 60 വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വിതരണവും ഉടന്‍ ആരംഭിക്കും.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് പ്രഖ്യാപിച്ചത്. രാജ്യത്ത് ഉയരുന്ന ഒമൈക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി .
അതേസമയം, 15 മുതല്‍ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ജനുവരി മൂന്ന് തിങ്കളാഴ്ച മുതല്‍ ഇത് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 10 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള കൊവിഡ് മുന്‍ നിര പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമായവര്‍, മറ്റ് രോഗങ്ങള്‍ ഉളളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുക.

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു ഉണ്ട് എന്നും ജാഗ്രത വേണമെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 18 ലക്ഷം ഐസിലേഷന്‍ കിടക്കകള്‍, 5 ലക്ഷം ഓക്‌സിജന്‍ സംവിധാനത്തോട് കൂടിയ കിടക്കകള്‍, കുട്ടികള്‍ക്കായി 90000 കിടക്കകള്‍ എന്നിവ സജ്ജമാണ് എന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ 90% ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്നും അര്‍ഹരായ 61% ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സൈഡസ് കാഡിലയുടെ ഡി എന്‍ എ വാക്‌സിന് മാത്രമാണ് കുട്ടികളില്‍ കുത്തി വെക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നുള്ളൂ. ഭാരത് ബയോ ടെക്കിന്റെ കോവാക്‌സിന്‍ പന്ത്രണ്ട് വയസിന് മുകളില്‍ ഉള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →