കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് മര്‍ദിച്ചു; വി ടി ബല്‍റാം ഉള്‍പ്പടെ ആറ് നേതാക്കള്‍ക്കെതിരെ കേസ്

രാജി ഇ ആർ -

പാലക്കാട്>>>ഹോട്ടലില്‍ യുവാവിനെ ആക്രമിച്ചെന്ന പരാതിയില്‍ വി ടി ബല്‍റാമിനെതിരെ കേസ്. ബല്‍റാമിനെക്കൂടാതെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ പരാതിയിലാണ് നടപടി.

കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് മര്‍ദിച്ചുവെന്നാണ് യുവാവിന്റെ പരാതി. യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കയേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

യുവാവിന്റെ പരാതി വ്യാജമാണെന്നാണ് നേതാക്കളുടെ പ്രതികരണം. തങ്ങള്‍ മര്‍ദിച്ചിട്ടില്ലെന്നും, യുവാവ് വീഡിയോ എടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നേതാക്കളുടെ വാദം.

ആലത്തൂര്‍ എംപി രമ്യ ഹരിദാസും സംഘവും കൊവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവം വിവാദമായിരുന്നു.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കെ, നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഹോട്ടല്‍ ഉടമയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.