തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം; ആവശ്യം തള്ളി സഹകരണ മന്ത്രി വി എന്‍ വാസവന്‍

രാജി ഇ ആർ -

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത്രയും വലിയൊരു ബാങ്ക് തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കേസില്‍ ഉള്ളവരെ കൃത്യമായ പുറത്തുകൊണ്ടുവരാന്‍ കഴിയില്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുപക്ഷം തന്നെ സംസ്ഥാനത്ത് ഭരിക്കുന്ന സാഹചര്യത്തില്‍ഇടത് ഭരണസമിതിക്ക് എതിരെ കൃത്യമായ നടപടി ഉണ്ടാകില്ല എന്നതായിരുന്നു പ്രതിപക്ഷ ആരോപണം. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചത്. പ്രതിപക്ഷ ആവശ്യം പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചത്.

കേരളത്തില്‍ എന്തു നടന്നാലും സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആണ് പ്രതിപക്ഷത്തിന് ഉള്ളത് എന്ന് വി എന്‍ വാസവന്‍ പരിഹസിച്ചു. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഇത്തരം കേസ് അന്വേഷിക്കുന്നതില്‍ വിദഗ്ധരാണ്. അവരുടെ അന്വേഷണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ മാത്രം സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വേണോ എന്ന കാര്യത്തില്‍ ആലോചിക്കുമെന്നും സഹകരണമന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ പരിഷ്‌കരണം നടത്തും എന്നും സഹകരണ മന്ത്രി ഉറപ്പു നല്‍കുന്നു. നിയമ നിര്‍മാണത്തിന് മുന്നോടിയായി കരട് പുറത്തിറക്കി കഴിഞ്ഞു. എല്ലാ ജില്ലകളിലും ഇതിന്മേല്‍ സിറ്റിങ് നടത്തി ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുമെന്നും സഹകരണ മന്ത്രി പറഞ്ഞു. ഈ നിയമ പരിഷ്‌കാര ത്തിലൂടെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ആകുമെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ അവകാശപ്പെട്ടു.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ 104 കോടി രൂപയുടെ അഴിമതി നടന്നതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ആണ് ഇക്കാര്യം വ്യക്തമായത്. ഇക്കാര്യത്തില്‍ തട്ടിപ്പ് വ്യക്തമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹകരണ വകുപ്പ് ശുപാര്‍ശ ചെയ്തത്.

സഹകരണ വകുപ്പ് നേരിട്ട് വകുപ്പുതല അന്വേഷണം നടത്തി വരുന്നതായും മന്ത്രി പി എന്‍ വാസവന്‍ ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആദ്യമായി എല്ലാ സഹകരണ ബാങ്കുകളില്‍ തട്ടിപ്പു നടക്കുന്നതെന്നും വി എന്‍ വാസവന്‍ ചൂണ്ടിക്കാട്ടുന്നു. കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയത് ഇടതുപക്ഷ ഭരണസമിതി ആണെങ്കില്‍ മാവേലിക്കരയില്‍ തട്ടിപ്പ് നടത്തിയത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ആയിരുന്നു എന്നും വി എന്‍ വാസവന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയം ഏത് എന്നതല്ല സര്‍ക്കാര്‍ പരിശോധിക്കുന്നത്. തട്ടിപ്പിന് പിന്നില്‍ ആരാണെങ്കിലും അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും വി എന്‍ വാസവന്‍ ഉറപ്പുനല്‍കുന്നു.