
തിരുവനന്തപുരം>>>വി.എം സുധീരന് എഐസിസി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരന് പറഞ്ഞു. തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുധീരന് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന് രാജിവച്ചത് ശനിയാഴ്ചയാണ്. കെപിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരന് നല്കിയ വിശദീകരണം.
പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി.എം സുധീരന് വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വി.എം സുധീരന് എഐസിസി അംഗത്വവും രാജിവച്ചത്.
നേതൃത്വവുമായി ഇടഞ്ഞ വി എം സുധീരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍ഡ് ഇടപെടല്‍ ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് തുടരുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് വി എം സുധീരനെ കണ്ടേക്കും.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തിയ ശേഷമാകും താരിഖ് അന്‍വര്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തുക. പലഘട്ടങ്ങളിലായി അതൃപ്തി അറിയിച്ച മറ്റു മുതിര്‍ന്ന നേതാക്കളുമായും താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തും.
സുധീരനുമായി ഇന്നലെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. സുധീരന് വഴങ്ങിയില്ലെങ്കില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ വിഫലമായി എന്ന വ്യാഖ്യാനത്തിന് ഇടം നല്കാതിരിക്കാനാണ് അവസാന നിമിഷം കൂടിക്കാഴ്ച മാറ്റിയത്. എന്നാല്‍ സുധീരനെ നേരില്‍ക്കണ്ട് പ്രശ്നപരിഹാര ശ്രമം നടത്തണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് താരിഖ് അന്‍വറിന് നല്‍കിയെന്നാണ് സൂചന.
മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേതൃത്വത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടു വെച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങളുടെ ഭാഗമായി വിഎം സുധീരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല എന്നിവരുമായും താരിഖ് അന്‍വര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.
Follow us on