തട്ടിക്കൂട്ടിയ ഡിപിആര്‍; ജപ്പാനില്‍ നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രം മാത്രം; ശാസ്ത്രീയ പഠനം നടത്താതെയാണ് തയ്യാറാക്കിയത്; ; വി ഡി സതീശന്‍

-

തിരുവനന്തപുരം>> സര്‍ക്കാര്‍ പുറത്തുവിട്ട സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഡിപിആര്‍ രഹസ്യ രേഖയെന്ന് പറഞ്ഞ് സര്‍ക്കാര്‍ കബളിപ്പിച്ചു. പദ്ധതിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ എത്ര ടണ്‍ കല്ലും മണ്ണും പ്രകൃതി വിഭവങ്ങളും വേണമെന്ന് ഡിപിആറിലുണ്ടോ? തട്ടിക്കൂട്ടിയ ഡിപിആര്‍ ആണിത്-സതീശന്‍ പറഞ്ഞു.

ശാസ്ത്രീയ പഠനത്തിന് അടിസ്ഥാനമാക്കിയല്ല ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്. അവകാശ ലംഘന നോട്ടീസ് വന്നപ്പോഴാണ് സര്‍ക്കാര്‍ ഡിപിആര്‍ പുറത്തുവിട്ടത്. കൃത്യമായ സര്‍വെപോലും നടത്തിയിട്ടില്ല. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം നടത്താതെ എങ്ങനെ ഡിപിആര്‍ ഉണ്ടാക്കും? ജപ്പാനില്‍ നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഡിപിആര്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഡിപിആറില്‍ മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ നിയമസഭയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും ഡിപിആറില്‍ ഉണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.

ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിച്ചു മാറ്റേണ്ട മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക ഡിപിആറിലുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഗേഡ് സംവിധാനം രാജ്യാന്തര മാനദണ്ഡപ്രകാരം എന്ന് രേഖയില്‍ വിശദീകരിക്കുന്നു.

ഡിപിആര്‍ പുറത്തുവിടാത്തതിന് എതിരെ മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന പരാതി ഉണ്ടായിരുന്നു. അന്‍വര്‍ സാദത്താണ് പരാതി നല്‍കിയിരുന്നത്. ഇത് കണക്കിലെടുത്താണ് ഡിപിആര്‍ ഇപ്പോള്‍ പുറത്തുവിട്ടത്.

ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറില്‍ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലത്തിന്റെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്സൈറ്റില്‍ ഡിപിആര്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓരോ മേഖലയായി തരംതിരിച്ചുകൊണ്ടാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →