ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി, മന്ത്രിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് സതീശന്‍

രാജി ഇ ആർ -


തിരുവനന്തപുരം:നിയമസഭാ സമ്മേളനം തുടങ്ങിയ ദിവസം തന്നെ മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് നല്‍കിയ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയാണ്. പരാതികളില്‍ മന്ത്രിമാര്‍ ഇടപെടുകയാണെന്നും ഇതോണോ സ്ത്രീപക്ഷമെന്നും സതീശന്‍ ചോദിച്ചു.

ശശീന്ദ്രന്‍ ചെയ്തത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടുക മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്‍ സി പി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്‍ സി പി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കെയില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവര്‍ണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോള്‍, അത് ഗാന്ധിയന്‍ സമരമാണെന്നും, ഇത് സര്‍ക്കാരിനെതിരെയുള്ള നീക്കമായി ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പാര്‍ട്ടി കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാല്‍ അപ്പുറത്ത് ഇത് മറ്റിടങ്ങളില്‍ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി സി വിഷ്ണുനാഥിന്റെ ആരോപണം. എ കെ ശശീന്ദ്രന്‍ രാജി വയ്ക്കണം, അതല്ലെങ്കില്‍ മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി എഴുതിവാങ്ങണം. പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ഓഫീസുകളെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് ചോദിച്ച വിഷ്ണുനാഥ് പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് പൊലീസ് നല്‍കിയത് കളവായ റിപ്പോര്‍ട്ടാണ്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മന്ത്രി പീഡനപരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നാണ് വാര്‍ത്ത.
നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചത്. പീഡന പരാതി ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്ണുനാഥ് സഭയില്‍ ആരോപിച്ചു.