ബിറ്റ് കോയിന്‍ തട്ടിപ്പുകാരന്‍ നിഷാദിനെ അറിയാമെന്ന് സമ്മതിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

-

കൊച്ചി>> ബിറ്റ് കോയിന്‍ തട്ടിപ്പുകാരന്‍ നിഷാദിനെ അറിയാമെന്ന് സമ്മതിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍.മൊറിസ് കോയിന്‍ തട്ടിപ്പിലെ പണം തന്റെ അക്കൗണ്ടിലെത്തിയോ എന്ന പരിശോധനയാണ് എന്‍ഫോഴ്സ്മെന്റ് നടത്തിയതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ദീര്‍ഘകാല പരിചയം നിഷാദുമായി ഉണ്ടായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ സമ്മതിക്കുന്നത്.

‘ 2019 ലാണ് നിഷാദ് അഡ്വാന്‍സ് നല്‍കിയത്. പിന്നീട് കോവിഡും മറ്റു പ്രശ്നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും പിന്നീട് സിനിമാ ആവശ്യവുമായും. നിഷാദിനെതിരെ ആരോപണങ്ങള്‍ ഉള്ള വിവരമൊന്നും എനിക്ക് അറിയില്ല. നിഷാദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയില്‍ എത്തിയത്’- ഉണ്ണി മുകുന്ദന്‍ പറയുന്നു. ഫലത്തില്‍ ബിറ്റ് കോയിനിലെ ഇഡി അന്വേഷണം സ്ഥിരീകരിക്കുക കൂടിയാണ് നടന്‍.

എന്റെ പിതാവാണ് കാര്യങ്ങള്‍ നോക്കുന്നത്. പുതിയ ചിത്രമായ ‘മേപ്പടിയാ’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്‌ബോള്‍ ഇഡിയുടെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം തന്നിട്ടുണ്ട്-ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇതോടെ റെയ്ഡിലെ വസ്തുതകള്‍ കൂടതല്‍ തെളിയുകയാണ്.

ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടാണ് രണ്ട് ദിവസം മുമ്പ് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ഇ.ഡി. കൊച്ചി-കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

1200 കോടിരൂപയുടെ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിച്ച സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മലപ്പുറം സ്വദേശിയായ കെ നിഷാദാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

സംഭവത്തില്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കൊച്ചിയില്‍ അന്‍സാരി നെക്‌സ്‌ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്, എലൈറ്റ് എഫ്എക്‌സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിങ്, സ്റ്റോക്‌സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകള്‍ നടന്നു. തമിഴ്നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ ആളുകളുടെ അറസ്റ്റടക്കം ഉടനുണ്ടാകുമെന്നാണ് ഇഡി നല്‍കുന്ന സൂചന.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →