മോറിസ് കോയിന്റെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം കൂടുതല്‍ സിനിമക്കാരിലേക്കും

-

നിലമ്പൂര്‍>> മോറിസ് കോയിനിന്റെ പേരില്‍ വന്‍ തട്ടിപ്പ് നിലമ്പൂരില്‍ നടന്നിരുന്നു. കേരളത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയായി 11 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തി റെയ്ഡില്‍ 1200 കോടി രൂപയുടെ മോറിസ് കോയിന്‍ തട്ടിപ്പ് ആണ് കണ്ടെത്തിയത്.

മോറിസ് കോയിന്റെ പേരില്‍ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് എതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണവും നടത്തുന്നുണ്ട്. കൂടാതെ പോലീസും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അതിനിടെ നിഷാദുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങല്‍ ഇഡിയ്ക്ക് ലഭിച്ചെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

മോറിസ് കോയിന്റെ പേരില്‍ നിഷാദ് പിരിച്ച പണം ചില സിനിമകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ പണം സിനിമയിലേക്ക് ഒഴുക്കാന്‍ ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തന്‍ ഇടനിലക്കാരന്‍ ആയെന്നാണ് സൂചന. ശതകോടീശ്വരന്‍ അറിയാതെയാണ് ഈ ഇടപാടുകള്‍ നടന്നത്. പല സിനിമാക്കാര്‍ക്കും ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. നിഷാദിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തില്‍ പല പ്രമുഖ സിനിമക്കാരിലേക്കും അന്വേഷണം വ്യാപിക്കാനാണ് സാധ്യത. നിഷാദ് മൗറീഷ്യസിലേക്ക് കടന്നുവെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശതകോട്വീശ്വര ബന്ധമുള്ള പ്രമുഖ വ്യക്തിത്വമാണ് നിഷാദിന് വേണ്ടി സിനിമാക്കാരുമായി സംസാരിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടന്നിരുന്നു. സിനിമയുടെ സാമ്ബത്തിക സ്രോതസ്സിനെക്കുറിച്ചായിരുന്നു അന്വേഷണമെന്നും രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്ബത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടന്റെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയത്.

നിഷാദ് കളിയിടുക്കിലിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷനും ലഭിക്കും.

നിക്ഷേപങ്ങള്‍ മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന്‍ വില്‍ക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു. എന്നാല്‍, സ്റ്റോക് എക്സ്ചേഞ്ചുകളില്‍ കമ്പനി ലിസ്റ്റ് ചെയ്യാത്തതിനാല്‍ അതു സാധ്യമല്ലെന്നും സംസ്ഥാനത്ത് ഓഫിസോ, പരസ്യ വിപണന സംവിധാനമോ കണിക്കില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നു മുതല്‍ നിക്ഷേപകരുടെ മൊഴിയെടുത്തു തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കമ്ബനി നിയമാനുസൃതമായാണു പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എംഡി നിഷാദ് അറിയിച്ചു.

വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി കമ്ബനി സിഇഒ നിഷാദ് കിളിയിടുക്കില്‍ രംഗത്തെത്തിയിരുന്നു, പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവര്‍ക്ക് റീഫണ്ട് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറഞ്ഞിരുന്നു. 2018ല്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്ബനിയുടെ വെബ് സൈറ്റില്‍ തങ്ങളുടേത് ഓണ്‍ലൈന്‍ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെല്ലാം ഇഡി തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയതോടെയാണ് നിഷാദ് രാജ്യം വിട്ടത്. എങ്കിലും രാജ്യത്തെ നിക്ഷേപങ്ങള്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.

മോറിസ് കോയിനെക്കുറിച്ച് ദുരൂഹത തുടരുമ്‌ബോഴും ലാഭവിഹിതം ആഗ്രഹിച്ച് കൂടുതല്‍പേര്‍ പണം നിക്ഷേപിച്ചു കൊണ്ടിരുന്നു. ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും നിക്ഷേപിക്കുന്നവരുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടത്തിയാണ് കമ്ബനി നിക്ഷേപകരെ ആകര്‍ഷിച്ചത്. മോറിസ് കോയിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോങ് റിച്ച് ടെകേ്‌നാളജീസ് എന്ന കമ്ബനിയെക്കുറിച്ച് നിക്ഷേപകര്‍ക്ക് ഇപ്പോഴും കൂടുതലായി അറിയില്ല. 2018ല്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് പറയുന്ന കമ്ബനിയുടെ വെബ് സൈറ്റില്‍ തങ്ങളുടേത് ഓണ്‍ലൈന്‍ പഠന സംരംഭമാണെന്നാണ് വിശേഷിപ്പിക്കുന്നത്. എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന സൈറ്റില്‍ എവിടെയും മോറിസ് കോയിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.

ബംഗളൂരുവിലെ ഓഫിസിന്റെ മേല്‍വിലാസവും ഒരു ഫോണ്‍ നമ്ബറും മാത്രമാണ് നടത്തിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍. എല്‍.ആര്‍ ട്രേഡിങ് എന്ന പേരിലുള്ള മറ്റൊരു വെബ്‌സൈറ്റിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇടപാടുകളും ആശയവിനിമയങ്ങളും നടത്തിയിരുന്നത്.

ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കേരളാ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബും കേസില്‍ ഒരാള്‍കൂടി പിടിയിലായിരുന്നു. ചാലാട് പഞ്ഞിക്കല്‍ റഷീദ മന്‍സിലില്‍ മുഹമ്മദ് റനീഷിനെയാണ് കണ്ണൂര്‍ സിറ്റി അസി. കമ്മിഷണര്‍ പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇറനീഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ കോടികളുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ആലംപാടിയിലെ പി.മുഹമ്മദ് റിയാസ് (31), കോഴിക്കോട് എരിഞ്ഞിക്കലിലെ വസിം മുനവറലി (35), മഞ്ചേരി പുളിയറമ്ബിലെ സി.ഷഫീഖ് (30), മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷഫീഖ് (28) എന്നിവരെ കഴിഞ്ഞമാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യസൂത്രധാരന്‍ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദാണെന്ന് (നിഷാദ് കളിയിടുക്കില്‍) പൊലീസും കണ്ടെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് നേരത്തേ രജിസ്റ്റര്‍ചെയ്ത കേസില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യമെടുത്ത ഇയാള്‍ രാജ്യം വിടുകയായിരുന്നു. സൗദി വഴി മൗറീഷ്യസില്‍ എത്തിയെന്നാണ് സൂചന. ബെംഗളൂരുവിലെ ലോങ്റിച്ച് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. കമ്ബനിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ദിവസവും രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പലിശ വാഗ്ദാനംചെയ്തും ക്രിപ്റ്റോ കറന്‍സി വാഗ്ദാനംചെയ്തും 1,265 കോടി പിരിച്ചെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഈ തുകയില്‍ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകര്‍ക്ക് വിതരണം ചെയ്ത് മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. ഈ പ്ലാനുകള്‍ ഇപ്പോഴും റിട്ടേണ്‍ നല്‍കുന്നുവെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ആയതിനാല്‍ ആളുകള്‍ മറ്റ് പ്ലാനുകളെക്കാള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകരായി ചേര്‍ന്ന ഭൂരിഭാഗം പേര്‍ക്കും ലാഭവിഹിതം കൃത്യമായി ലഭിച്ചതോടെ ഇവര്‍ മോറിസ് കോയിന്റെ പ്രചാരകരായി മാറുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിച്ച 36 കോടി രൂപ മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധനനിയമം പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →