ചൂടുകൂടും, കടലുകയറും, പേമാരിപെയ്യും; വരാന്‍ പോകുന്നത് വന്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍, ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

രാജി ഇ ആർ -

ന്യൂഡല്‍ഹി>>> ലോകത്ത് അതിതീവ്ര ഉഷ്ണവാതങ്ങളും വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടിവരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. വരുന്ന 20 വര്‍ഷംകൊണ്ട് ആഗോളതാപനിലയിലെ ശരാശരി വര്‍ധന ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് മുന്നറിയിപ്പ്.

താപനില ഈ പരിധി കടക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ല്‍ പാരീസ് കാലാവസ്ഥാ ഉടമ്പടി കൊണ്ടുവന്നത്. പക്ഷേ, അതിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ വീഴ്ചവരുത്തിയതാണ് വലിയ അപകടത്തിലേക്ക് വേഗം എത്താന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രീയവശങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ 1988-ല്‍ സ്ഥാപിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) ആറാം റിപ്പോര്‍ട്ടിലാണ് ഭൂമി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്നത്.
‘മനുഷ്യരാശിക്കുള്ള അടിയന്തര മുന്നറിയിപ്പാണ്’ ഈ റിപ്പോര്‍ട്ടെന്ന് തിങ്കളാഴ്ച അത് പുറത്തിറക്കിക്കൊണ്ട് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. കാര്യങ്ങള്‍ വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഓടിയൊളിക്കാന്‍ ഒരിടവുമില്ലെന്നും റിപ്പോര്‍ട്ടിന്റെ സഹരചയിതാവ് ലിന്‍ഡ മീണ്‍സ് മുന്നറിയിപ്പ് നല്‍കി.

ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലില്‍ കാര്യമായ കുറവുവരുത്തിയാല്‍ ഭൗമതാപം ഇനിയും ഉയരാതെ കാക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിര്‍ണായക കാലാവസ്ഥാ ഉച്ചകോടി മൂന്ന് മാസത്തിനകം സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കെയാണ് ഐപിസിസി റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് നാലായിരത്തോളം പേജ് വരുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആഗോളതാപന വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെയാക്കി നിലനിര്‍ത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകും. 2100 ആകുമ്‌ബോഴേക്കും താപന വര്‍ധന 2 ഡിഗ്രിക്കു മീതെയാകും. ആഗോളതാപനം കൂട്ടുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കര്‍ശനമായി കുറച്ചില്ലെങ്കിലുള്ള ആപത്താണിത്.

മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനനിരക്ക് കൂടുതലാണ്. ഉഷ്ണവാതങ്ങളും പ്രളയങ്ങളും ഇന്ത്യയില്‍ ഇനിയും വര്‍ധിക്കും. ഇന്ത്യയില്‍ ഓരോ 10 വര്‍ഷം കൂടുമ്‌ബോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്കു കയറാന്‍ സാധതയുണ്ട്.

കാര്‍ബണ്‍ നിര്‍ഗമനം കുറച്ചില്ലെങ്കില്‍ 2100 ആകുമ്പോള്‍ സമുദ്രജലനിരപ്പ് 40 സെമീ മുതല്‍ ഒരുമീറ്റര്‍ വരെ ഉയരാം. മഞ്ഞുരുകലിന്റെ തീവ്രതയെപ്പറ്റി ധാരണയില്ലാത്തതിനാല്‍ ഇത് 2 മീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്.

രൂക്ഷമായ കാലാവസ്ഥ പ്രതിസന്ധിയുണ്ടായാല്‍ മനുഷ്യര്‍ക്ക് ഓടി രക്ഷപ്പെടാനോ ഒളിക്കാനോ വേറെ ഇടമില്ലെന്നും റിപ്പോര്‍ട്ട് തയാറാക്കിയ 234 ശാസ്ത്രജ്ഞരുടെ സംഘം ഓര്‍മിപ്പിക്കുന്നു.