തൃക്കാക്കര സീറ്റിനായി കോണ്‍ഗ്രസില്‍ ചരട് വലി ശക്തം; ഉമ തോമസിനെ മത്സരിപ്പിക്കാതിരിക്കാന്‍ നീക്കമെന്ന് ആക്ഷേപം

-

കൊച്ചി>>തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റിനായി ചരട് വലികള്‍ ശക്തം. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമാണെങ്കിലും ഉമയോ കോണ്‍ഗ്രസ് നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

പി.ടി തോമസിന്റെ വിയോഗത്തിന് പിന്നാലെ തൃക്കാക്കരയില്‍ ഇനിയാര് എന്ന ചോദ്യത്തിന് ആദ്യമുയര്‍ന്ന പേരായിരുന്നു ഭാര്യ ഉമ തോമസിന്റേത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തോട് കെഎസ്‌യു നേതാവായിരുന്ന ഉമ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ ഉമയുടെ ക്ലെയിം ഇല്ലാതാക്കാനായി പാര്‍ട്ടിയിലെ ഒരു വിഭാഗം ബോധപൂര്‍വം ശ്രമം നടത്തുന്നുവെന്ന് ആരോപണവുണ്ട്. പിടിയുടെ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യം ഉമയെ മത്സരിപ്പിക്കാതിരിക്കാന്‍ വേണ്ടിയെന്നാണ് ആക്ഷേപം. ബാധ്യത ഏറ്റെടുത്താല്‍ പിന്നീട് ഉമയ്ക്ക് സീറ്റ് നല്‍കാനാവില്ല എന്ന നിലപാട് ഇവര്‍ ഉന്നയിക്കും.

ഉമയല്ലെങ്കില്‍ ആര് എന്ന ചോദ്യവും പാര്‍ട്ടിയില്‍ സജീവമാണ്. ജില്ലയില്‍ നിന്നുള്ള നേതാക്കളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. വീക്ഷണം എം ഡി ജെയ്‌സന്‍ ജോസഫ്, മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

ആറ് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ കൂടി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം ഇനിയും കൂടും. സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങളില്‍ കൃത്യത വരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം വൈകാതെ യോഗം ചേരുമെന്നാണ് വിലയിരുത്തല്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →