സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്

കൊച്ചി>കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്. 2004 ഡിസംബര്‍ 26നായിരുന്നു കേരളത്തിലടക്കം സുനാമി വീശിയടിച്ചത്.

ഇന്ത്യയുള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടര ലക്ഷത്തോളം ആളുകളുടെ ജീവനാണ് കവര്‍ന്നെടുത്തത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളിലായി രണ്ടരലക്ഷം പേരുടെ ജീവനും സ്വത്തുമാണ് സുനാമി തിരകള്‍ കവര്‍ന്നെടുത്തത്.

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി ഉറങ്ങിയവര്‍ ദുരന്തത്തിലേക്കാണ് അടുത്ത ദിവസം കണ്ണു തുറന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുക്കുന്ന കാഴ്ച വേദനയോടെയാണ് ലോക ജനത നോക്കി നിന്നത്.

ഡിസംബര്‍ 26ന് ക്രിസ്തുമസ് ആഘോഷ മയക്കത്തിലായിരിക്കേയാണ് ഇന്തോനേഷ്യയിലെ സമുദ്രാന്തര്‍ഭാഗത്ത് പ്രാദേശിക സമയം 7.59ന് ഭൂചലനത്തെ തുടര്‍ന്നുള്ള പ്രകമ്പനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയില്‍ 9.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചലനം അനുഭവപ്പെട്ട് 7 മണിക്കൂറിനകം പസഫിക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലുമായി തിരകള്‍ ഉള്‍വലിഞ്ഞശേഷമാണ് അത്യുഗ്രശക്തിയില്‍ കരയിലേക്ക് ആക്രമിച്ചുകയറിയത്. ഹിരോഷിമയില്‍ പ്രയോഗിച്ച ആണവബോംബിന്റെ 23,000 മടങ്ങ് പ്രഹരശേഷിയുള്ള ഭൂചലനമാണ് സമുദ്രത്തിനടിയില്‍ സംഭവിച്ചത്.

ഇന്ത്യയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിട ങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ 15,000ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പി ക്കുന്നത്. കേരളത്തിലാകമാനം 236 ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്.

കൊല്ലം ജില്ലയില്‍ മാത്രം 100ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊല്ലം – ആലപ്പുഴ ജില്ലയിലെ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം വരെ തീരം കടലെടുത്തു. കേരളത്തില്‍ മാത്രം 3000 ലേറെ വീടുകളാണ് തകര്‍ന്നത്.

30 മീറ്റര്‍ അഥവാ 65 അടി ഉയരത്തിലാണ് ഇന്തോനേഷ്യയില്‍ തീരമാലകള്‍ ഉയര്‍ന്നത്. ഇന്തോനേഷ്യയില്‍ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയില്‍ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരകളായത്. സുനാമി ദുരന്തങ്ങളെ മറികടക്കാന്‍ അന്താരാഷ്ട്ര സമൂഹം 14 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →