LOADING

Type to search

ട്രെയിനില്‍ കവര്‍ച്ച നടത്തിയത് ബിഹാര്‍ സ്വദേശി അക്തര്‍ ബാദ്ഷാ? ഫോട്ടോ യുവതി തിരിച്ചറിഞ്ഞു

Latest News Local News News

തിരുവനന്തപുരം>>>നിസാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ കവര്‍ച്ച നടത്തിയത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അക്തര്‍ ബാദ്ഷാ എന്ന് സംശയം. പോലീസ് കാണിച്ച ഫോട്ടോ കവര്‍ച്ചയ്ക്ക് ഇരയായ യുവതി വിജയലക്ഷ്മി തിരിച്ചറിഞ്ഞു. ഇയാളും കമ്ബാര്‍ട്ട്‌മെന്റ്റില്‍ ഉണ്ടായിരുന്നെന്ന് വിജയലക്ഷ്മി പോലീസിന് മൊഴി നല്‍കി. ട്രെയിന്‍ കേന്ദ്രീകരിച്ച് സ്ഥിരമായി കവര്‍ച്ച നടത്തുന്ന അക്തര്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ കവര്‍ച്ചയ്ക്ക് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് പോലീസിന് സംശയം. കവര്‍ച്ച നടന്നത് ട്രെയിന്‍ കേരളത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ആണെന്നാണ് പോലീസിന്റെ നിഗമനം. അങ്ങനെയെങ്കില്‍ തമിഴ്‌നാട് പോലീസ് കേസ് അന്വേഷണം ഏറ്റെടുക്കേണ്ടിവരും.

35 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടു എന്നാണ് വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. ബന്ധുവിന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ശരീരത്തില്‍ അണിഞ്ഞിരുന്നതും ബാഗില്‍ സൂക്ഷിച്ചിരുന്നതുമായ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ബാഗ് കത്തി ഉപയോഗിച്ച് കീറിയാണ് സ്വര്‍ണം കടത്തിയത്.
ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി ആഗ്രയില്‍ താമസമാണ് വിജയലക്ഷ്മി. പത്താം തീയതിയാണ് തിരുവല്ല കുറ്റൂരില്‍ ഉള്ള ബന്ധുവിന്റെ വിവാഹത്തിനായി ആഗ്രയില്‍ നിന്നും ട്രെയിന്‍ കയറിയത്. ഇന്നലെ വൈകിട്ട് സേലത്തുനിന്നും ഭക്ഷണം കഴിച്ചു. പിന്നീട് ഉറങ്ങാന്‍ കിടന്ന ഇവര്‍ക്ക് മറ്റൊന്നും ഓര്‍മ്മയില്ല. കായംകുളം ഇറങ്ങേണ്ടത് ആയിരുന്നെങ്കിലും തിരുവനന്തപുരത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് ഇവര്‍ ഉണര്‍ന്ന് കവര്‍ച്ച ചെയ്യപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയലക്ഷ്മിയെയും മകള്‍ അഞ്ജലിയെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. പോലീസ് എത്തി മൊഴി എടുത്തെങ്കിലും, ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ മൊഴിയില്‍ അവ്യക്തതയുണ്ട് എന്നാണ് പോലീസിന്റെ നിലപാട്. അതിനാല്‍ വിളിച്ചു വരുത്തി വീണ്ടും ഇവരില്‍നിന്ന് മൊഴി എടുക്കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.