മേല്‍പ്പാലം വന്നിട്ടും ഗതാഗത കുരുക്കഴിയാതെ വൈറ്റില; പുതിയ ട്രാഫിക് പരിഷ്‌കാരവുമായി പൊലീസ്

-

കൊച്ചി>>മേല്‍പ്പാലം വന്നിട്ടും ഗതാഗത കുരുക്ക് അഴിയാത്ത വൈറ്റിലയില്‍ പുതിയ ട്രാഫിക് പരിഷ്‌കാരവുമായി പൊലീസ്. ജംഗ്ഷനിലേക്കെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് കര്‍ശന നടപടികള്‍ തുടങ്ങും. വരുന്ന ഞായര്‍ മുതലാണ് പുതിയ ക്രമീകരണം. മേല്‍പ്പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ഒരു വര്‍ഷമാകുമ്പോഴാണ് ഗതാഗതകുരുക്ക് കുറയ്ക്കാനായി പുതിയ പരിഷ്‌കാരങ്ങള്‍.

മേല്‍പ്പാലം വന്നിട്ടും വൈറ്റിലയിലെ കുരുക്കിന് ഒരു മാറ്റമില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. പരാതികള്‍ പെരുകിയതോടെയാണ് പൊലീസിന്റെ നടപടികള്‍. പാലാരിവട്ടം ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ജംഗ്ഷനുകള്‍ കടക്കുന്നതില്‍ വലിയ പ്രതിസന്ധിയാണ് നിലവിലെ പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കാന്‍ പാലാരിവട്ടത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തൈക്കൂടത്തെത്തി യു ടേണ്‍ എടുത്ത് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് പോകണം. ഇത് വഴി 12 മിനിറ്റെങ്കിലും ലാഭിക്കാമെന്നാണ് പൊലീസ് പറയുന്നത്.

ജംഗ്ഷനില്‍ നിന്ന് നേരിട്ട് വലത് വശത്തേക്ക് തിരിയാന്‍ അനുവദിക്കില്ല.തൃപ്പൂണിത്തുറ ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് തടസ്സമില്ലാതെ ഉറപ്പാക്കാനാണ് ശ്രമം. പൊന്നുരുന്നി ഭാഗത്ത് നിന്ന് എസ് എ റോഡ് വഴിയും തൃപ്പൂണിത്തുറ റോഡ് വഴിയും ആലപ്പുഴ ഭാഗത്തേക്ക് പോകാം. നിയന്ത്രണം തെറ്റിച്ചെത്തുന്നവരെ വഴി തിരിച്ച് വിടാനും പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ആലപ്പുഴ എറണാകുളം തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ നിലവിലുള്ള ട്രാഫിക് സംവിധാനത്തിലൂടെ തന്നെ ജംഗ്ഷന്‍ കടക്കണം.

ജംഗ്ഷനോട് ചേര്‍ന്ന് ബസ്സുകള്‍ നിര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്.ഇല്ലെങ്കില്‍ പിഴ ഈടാക്കും. പരിഷ്‌കാരം വരുന്ന ഞായറാഴ്ച മുതല്‍ ഒരാഴ്ച സമയത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് തീരുമാനം. തുടര്‍ന്ന് വിലയിരുത്തലിന് ശേഷം രീതി ക്രമീകരിക്കും. പുതിയ ട്രാഫിക് പരിഷ്‌കാരത്തിലൂടെ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →