സുഗന്ധ വ്യഞ്ജന മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരം ശക്തിപ്പെടുത്താന്‍ ഇന്‍ഡോനേഷ്യയിലെ ’36 ട്രേഡ് എക്സ്പോ’

സ്വന്തം ലേഖകൻ -

കൊച്ചി>>>സുഗന്ധ വ്യഞ്ജന മേഖലയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ഇന്‍ഡോനേഷ്യയിലെ ’36 ട്രേഡ് എക്സ്പോ’ അവസരമൊരുക്കും. 21 മുതല്‍ ഡിസംബര്‍ 20 വരെ നടക്കുന്ന മേളയില്‍ ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന ഇറക്കുമതിക്കാര്‍ക്ക് ഇന്‍ഡോനേഷ്യന്‍ വില്പനക്കാരുമായി സഹകരിക്കാനും കയറ്റുമതി മേഖലയിലെ വ്യാപാരികള്‍ക്ക് ഇന്‍ഡോനേഷ്യയിലെ പ്രധാന ഭക്ഷ്യോത്പന്ന നിര്‍മാതാക്കളുമായും റെസ്റ്ററന്റ് ഔട്ട്‌ലെറ്റുകളുമായും നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഒരുക്കുമെന്ന് മുംബൈയിലെ ഇന്‍ഡോനേഷ്യന്‍ കോണ്‍സല്‍ ജനറല്‍ അഗസ് പി സപ്റ്റനോ പറഞ്ഞു. കൊച്ചിയില്‍ സുഗന്ധവ്യഞ്ജന മേഖലയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള ഫിക്കി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കോണ്‍സല്‍ ജനറല്‍.

ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ്പൂ, കുരുമുളക്, കാസിയ, ഇഞ്ചി, മഞ്ഞള്‍, ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ മുതലായവയുടെ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യ പ്രധാനമായും ഇന്‍ഡോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും അവയുടെ മൂല്യവി വര്‍ധിത ഉത്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയില്‍ സുഗന്ധവ്യഞ്ജന വ്യാപാരികളുടെ പ്രധാന വിപണിയാണ് ഇന്‍ഡോനേഷ്യ. ഇന്ത്യയും ഇന്‍ഡോനേഷ്യയും രണ്ട് സഹസ്രാബ്ദങ്ങളായി അടുത്ത സാംസ്‌കാരിക ,വാണിജ്യ ബന്ധങ്ങള്‍ പുലര്‍ത്തി വരുന്നതായും കോണ്‍സല്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ആസിയാന്‍ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്തോനേഷ്യ ഉയര്‍ന്നുകഴിഞ്ഞു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ഇന്‍ഡോനേഷ്യയും ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തലസ്ഥാനമായ കേരളത്തില്‍ നൂറിലേറെ സ്ഥാപനങ്ങളും സംഘടനകളുമാണ് സുഗന്ധോത്പാദനത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍ ദീപക് എല്‍ അസ്വാനി പറഞ്ഞു. സുഗന്ധവ്യഞ്ജന അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുകയും തദ്ദേശ വിപണിയില്‍ വിറ്റഴിക്കുകയും ചെയ്യുന്ന കമ്പനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും ഇന്‍ഡോനേഷ്യയും തമ്മിലുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിലവിലുള്ള പ്രശ്‌നങ്ങള്‍ ഇന്‍ഡോനേഷ്യന്‍ വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് അഗസ് പി സപ്റ്റനോ ഉറപ്പ് നല്‍കി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ സാധ്യമാക്കാമെന്ന് ഫിക്കി പ്രനിധി സംഘവും ഉറപ്പ് നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വാണിജ്യ ബന്ധം കൂടുതല്‍ ദൃഢമാക്കാമെന്നും ചര്‍ച്ചയില്‍ ധാരണയായി.

ഇന്‍ഡോനേഷ്യന്‍ ട്രേഡ് പ്രൊമോഷന്‍ സെന്റര്‍ ഡയറക്ടര്‍ കുമാര ജതി, ഇന്‍ഡോനേഷ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ (സാമ്പത്തിക വിഭാഗം) കോണ്‍സല്‍ ടോല്‍ഹ ഉബൈദി, കോണ്‍സല്‍ പങ്കി ബി.പി സപുത്ര എന്നിവര്‍ ഇന്‍ഡോനേഷ്യന്‍ സംഘത്തെ നയിച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ദീപക് അസ്വാനി, കേരള സ്റ്റേറ്റ് കൌണ്‍സില്‍ മേധാവി സാവിയോ മാത്യു, ഓളം അഗ്രോ വാണിജ്യ മേധാവി സന്ദീപ് പാണ്ഡേല, എ.ബി മൗരി ഇന്ത്യ ജനറല്‍ മാനേജര്‍ പ്രകാശ് നമ്പൂതിരി, വി.കെ.എല്‍ സീസണിംഗ് ക്യു.എ. മേധാവി സുരാജ്, കല്‍പക പ്രോസസിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം കുരുവിള, ട്രാവന്‍കൂര്‍ സോള്‍വെന്റ്സ് ആന്‍ഡ് ഓയില്‍സ് പ്രൊപ്രൈറ്റര്‍ ഷഫീഖ് അഹമ്മദ് എന്നിവരാണ് ഫിക്കി പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →