വിലക്കയറ്റം നിയന്ത്രിക്കാന്‍ ആന്ധ്രയില്‍ നിന്ന് തക്കാളി എത്തി; മറ്റ് പച്ചക്കറികള്‍ പുറകെ

-

തിരുവനന്തപുരം>> പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആന്ധ്രപ്രദേശിലെ മുളകാലചെരുവില്‍നിന്ന് 10 ടണ്‍ തക്കാളികൂടി കേരളത്തിലെത്തി.

ഹോര്‍ട്ടികോര്‍പ് മുഖേനയാണ് കൃഷി വകുപ്പ് തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്ന് ഹോര്‍ട്ടികോര്‍പ് കേരളത്തിലെത്തിച്ച് വില്‍പന നടത്തുന്ന തക്കാളിക്കും മറ്റ് പച്ചക്കറികള്‍ക്കും പുറമെയാണിത്.

കൃഷി വകുപ്പ് ജനുവരി ഒന്നുവരെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണികളിലേക്ക് കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു

. തെങ്കാശിയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്നും കൃഷിവകുപ്പ് അറിയിച്ചു.

പച്ചക്കറിവില പിടിച്ചുനിര്‍ത്താന്‍ തമിഴ്നാട് തെങ്കാശിയിലെ കര്‍ഷകരില്‍നിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം ചെയ്യാന്‍ രൂപവത്കരിച്ച കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായി ഹോര്‍ട്ടികോര്‍പ് ധാരണപത്രം ഒപ്പുവെച്ചിരുന്നു. തമിഴ്നാട് അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ സംഭരിക്കുക. തെങ്കാശിയിലെ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍നിന്ന് ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന് ഇനി കഴിയും.

അതിനാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുമെന്നാണ് വിലയിരുത്തല്‍. 11 മാസത്തേക്കാണ് ധാരണ. കിലോയ്ക്ക് ഒരു രൂപ കൈകാര്യച്ചെലവ് ഹോര്‍ട്ടികോര്‍പ് നല്‍കണം. തലേദിവസം ഹോര്‍ട്ടികോര്‍പ് ആവശ്യപ്പെടുന്ന പച്ചക്കറികള്‍ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തി പിറ്റേദിവസം വിതരണത്തിനായി കേരളത്തിലെത്തിക്കുകയുമാണ് ചെയ്യുക. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ആദ്യഘട്ടത്തില്‍ എത്തിക്കും. തുടര്‍ന്ന് ആവശ്യമായ പച്ചക്കറികള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →