
സ്വന്തം വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ ഹിന്ദുമുന്നണി പ്രവർത്തകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ഹിന്ദു മുന്നണി കുംഭകോണം ടൗൺ സെക്രട്ടറി ചക്രപാണി (40)യാണ് അമിത ബുദ്ധി കാണിച്ച് ജയിലിലായത്. ആക്രമണശേഷം ഇയാൾ തന്നെയാണ് വീട് ആക്രമിക്കപ്പെട്ടെന്ന വിവരം പൊലീസിൽ അറിയിച്ചതും.
പുലർച്ചെ വീടിന് നേരെ അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞെന്നാണ് ചക്രപാണി കുംഭകോണം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ചു. ബി.ജെ.പി- ഹിന്ദുമുന്നണി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം ചക്രപാണിയുടെ പരസ്പരവിരുദ്ധമായ മൊഴിയാണ് പൊലീസിന് കള്ളൻ കപ്പലിൽ തന്നെയെന്ന സൂചന നൽകിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പെട്രോൾ ബോംബ് ഉണ്ടാക്കാൻ ഉപയോഗിച്ച തുണിയുടെ ബാക്കി പൊലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ചക്രപാണി കുറ്റം സമ്മതിക്കുകയും ചെയ്തു.
സംഘടനയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുകയും പൊലീസ് സുരക്ഷ തരപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സ്വന്തംവീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തുടർന്ന് മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.