LOADING

Type to search

ടിപ്പുസുല്‍ത്താന്റെ ഡ്യൂപ്ലിക്കേറ്റ് സിംഹാസനത്തിലിരുന്ന് ബെഹ്‌റ, വാളും പിടിച്ച് മനോജ് എബ്രഹാം

Latest News Local News News

ആലപ്പുഴ>>> തട്ടിപ്പ് നടത്തിയ ചേര്‍ത്തലക്കാരനായ മോന്‍സന്‍ മാവുങ്കലിനെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതോടെ മോന്‍സന്റെ തട്ടിപ്പ് കഥകള്‍ പുറത്തു വരാന്‍ തുടങ്ങി

. സംസ്ഥാനത്തെ രാഷ്ട്രീയ തലത്തിലെ പ്രമുഖര്‍ മുതല്‍ പെലീസ് ഉദ്യോഗസ്ഥര്‍ അടക്കം മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്നതായാണ് കണ്ടെത്തല്‍.

ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം നിര്‍മ്മിക്കുമെന്ന് പറഞ്ഞായിരുന്നു മോന്‍സണ്‍ തട്ടിപ്പു നടത്തിയത്. ടിപ്പുസുല്‍ത്താന്റെ സിംഹാസനമെന്ന പേരില്‍ മോന്‍സണ്‍ കാണിച്ചിരുന്നത് ചേര്‍ത്തലയില്‍ ഒരു ആശാരിയെക്കൊണ്ട് പണിയിപ്പിച്ചെടുത്ത കസേരയായിരുന്നു. കള്ളന്മാരെ പിടിക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഈ സിംഹാസനത്തില്‍ ഇരുന്നു.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഈ സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മനോജ് എബ്രഹാമും ഒരു വാളും പിടിച്ച് അടുത്തു തന്നെ നില്‍പ്പുണ്ട്. ബെഹ്റ ഇരുന്ന ടിപ്പുസുല്‍ത്താന്റെ സിംഹാസനം ചേര്‍ത്തലയില്‍ തന്നെ ഉണ്ടാക്കിയതാണ്. മനോജ് എബ്രഹാമിന്റെ കൈയിലിരുന്ന വാളും വ്യാജന്‍ തന്നെ.

അതേസമയം സാധാരണ കുടുംബത്തില്‍ നിന്നു മോന്‍സന്റെ അസാധാരണമായ വളര്‍ച്ചയ്ക്കു പിന്നിലെ വഴികള്‍ നാട്ടുകാര്‍ക്ക് അപരിചിതമാണ്. ആഡംബര കാറുകളില്‍ അംഗരക്ഷകരുടെ അകമ്ബടിയുമായി എത്തുന്ന ഇയാളുടെ നാടകീയമായ അറസ്റ്റോടെ സംശയങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കുകയാണ് ചേര്‍ത്തലക്കാര്‍.

ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മാവുങ്കല്‍ വീട്ടിലെ സാധാരണ കുടുംബത്തില്‍നിന്നാണു തുടക്കം. വിവാഹത്തിനുശേഷം നാട്ടില്‍നിന്ന് അപ്രത്യക്ഷനായ ഇയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെട്ടത് ഡോക്ടറായും കോടീശ്വരനുമായാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇയാള്‍ ചേര്‍ത്തല സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍നിന്ന് ഡിപ്ലോമ നേടി.

രണ്ടാം വരവില്‍ ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്കു സമീപം ഏതാനും വര്‍ഷം താമസിച്ചു. അസമയങ്ങളില്‍ ഉള്‍പ്പെടെ ഇവിടെ ആഡംബരവാഹനങ്ങള്‍ വന്നു പോകുന്നതു പതിവായിരുന്നു. നാട്ടുകാര്‍ സംശയം അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ ഒരു സമയം പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ് കവലയില്‍ സൗന്ദര്യവര്‍ധക ചികിത്സാകേന്ദ്രവും നടത്തി. ഇതിനിടെ പുരാവസ്തുവ്യാപാരവും ആരംഭിച്ചു. പനമ്ബള്ളി നഗറിലും ചികില്‍സാ കേന്ദ്രം ഉണ്ടായിരുന്നു. കൊച്ചിയിലെ വീട്ടിലും സൗകര്യങ്ങള്‍ ഒരുക്കി.

രണ്ടുവര്‍ഷം മുന്‍പു ജന്മനാടിലെ പള്ളിയില്‍ സ്വന്തം നിലയ്ക്കു പെരുന്നാള്‍ ആഘോഷം നടത്തി നാട്ടുകാരെ ഞെട്ടിച്ചു. കോടികള്‍ മുടക്കി സിനിമാതാരങ്ങള്‍, പിന്നണിഗായകര്‍ ഉള്‍പ്പെടെ അണിനിരന്നായിരുന്നു കലാപരിപാടികള്‍. ഒരുവര്‍ഷം മുന്‍പു വാഹനത്തട്ടിപ്പിന്റെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. കാരവന്‍ ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചതിനായിരുന്നു കേസ്. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്.

ശനിയാഴ്ച ചേര്‍ത്തല വല്ലയില്‍ ഭാഗത്തെ വീട്ടില്‍നിന്നാണ് ഇയാളെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മകളുടെ വിവാഹനിശ്ചയം ഇന്നലെയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വരെ പങ്കെടുത്തതായാണു വിവരം. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ അയല്‍വാസികളെ പോലും ചടങ്ങിനു ക്ഷണിച്ചിരുന്നില്ല.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.