വലവിരിച്ച് കാത്തിരിപ്പ്: കടുവ ബേഗൂര്‍ വനമേഖലയില്‍, പിടികൂടാന്‍ ഊര്‍ജിത ശ്രമം

-

വയനാട് >>ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തില്‍. ബേഗൂര്‍ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും വനപാലക സംഘത്തിന്റെ നീക്കങ്ങള്‍.കടുവ നിരീക്ഷണ വലയത്തില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ 20 ദിവസമായി കടുവാ ഭീതിയിലാണ് ഈ മേഖല. കടുവ കൂടുതല്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടികൂടാന്‍ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്.

അതേസമയം വനംവകുപ്പിന്റെ തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. നഗരസഭ കൗണ്‍സിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തര്‍ക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അരയില്‍ നിന്ന് കത്തി പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്തെത്തിയ മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളു വനംവകുപ്പിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →