കടുവ ഭീതി ഒഴിയാതെ കുറുക്കന്‍മൂല; തെരച്ചില്‍ വ്യാപിപ്പിച്ച് വനം വകുപ്പ്

-

വയനാട് >>കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പിന്റെ തെരച്ചില്‍ തുടരുന്നു. കഴിഞ്ഞ 20 ദിവസമായി കടുവ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറ് സംഘങ്ങളായാണ് തെരച്ചില്‍.

വനത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ പയ്യമ്പള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം കടുവയെ പിടികൂടാനാകാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.

പയ്യമ്പള്ളി, കൊയ്‌ലേരി മേഖലകളില്‍ കടുവയുണ്ടാകാമെന്നാണ് സംശയം. ഈ പ്രദേശങ്ങളില്‍ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്‍മൂലയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. മാനന്തവാടി നഗരസഭയിലെ 8 വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

കഴിഞ്ഞ ദിവസം പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തെരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കയ്യാങ്കളിക്കിടെ വനം ഉദ്യോഗസ്ഥന്‍ അരയില്‍ നിന്നും കത്തി പുറത്തെടുക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടുവയെ കണ്ട പയ്യമ്പള്ളി പുതിയിടത്ത് തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ സംഘടിച്ചെത്തിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →