
കൊച്ചി>>>പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്.
കൂടാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പന് ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പൊലീസ് പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
പണക്കിഴി വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് നഗരസഭാധ്യക്ഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തൃക്കാക്കര ഓണസമ്മാന വിവാദത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അജിതാ തങ്കപ്പന് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കൗണ്‍സില്‍ യോഗവും വിളിച്ചു ചേര്‍ക്കുമെന്നും അജിത തങ്കപ്പന് വ്യക്തമാക്കി.
തൃക്കാക്കര നഗരസഭാ ചേംബറില്‍ പ്രവേശിച്ചത് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണെന്ന് അജിത തങ്കപ്പന് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാല്‍ ഓഫിസില്‍ കടക്കാനായിരുന്നില്ല. രാത്രി ഏഴുമണിയോടെ പൂട്ട് തകര്‍ത്തു അധ്യക്ഷ അജിത തങ്കപ്പന് അകത്തു കയറുകയായിരുന്നു.
ഇതോടൊപ്പം നഗരസഭാ സെക്രട്ടറി പതിച്ച നോട്ടിസും നീക്കി. ഇത് നിയമവിരുദ്ധമെന്ന് കാട്ടി ഇടതുപക്ഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിനെയും തദ്ദേശ ഭരണ ഡയറക്ടറെയും അറിയിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയതെന്നാണ് നഗരസഭാധ്യക്ഷയുടെ നിലപാട്.
ഓണസമ്മാന വിവാദത്തില്‍ അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി തേടി.
വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷന് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണത്തില്‍ കഴമ്ബുണ്ടെന്നും തുടരന്വേഷണം വേണമെന്നും ക്യു.വി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയര്‍പേഴ്സണെതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Follow us on