
കൊച്ചി>>എറണാകുളം തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി ആശുപത്രി വിട്ടു. ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ കുഞ്ഞിന് തിരുവനന്തപുരത്ത് തുടര്‍ചികിത്സ നല്‍കും. തിരുവനന്തപുരം ശ്രീചിത്രയില്‍ ആകും ഇനി തുടര്‍ചികിത്സ നടത്തുക. കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ തീരുമാനം. മേല്‍നോട്ടം തിരുവനന്തപുരം സിഡബ്ല്യുസിക്ക് കൈമാറി. കുഞ്ഞിന്റെ മൂന്നാം ജന്മദിനമായ ഇന്ന് ആഘോഷിച്ച ശേഷമായിരുന്നു ഡിസ്ചാര്‍ജ്.
17 ദിവസത്തെ കാത്തിരിപ്പ് സഫലം. അവള് മിടുക്കിയായി ആരോഗ്യവതിയായി ആശുപത്രി വിട്ടു. അടുപ്പക്കാരോട് സംസാരിക്കുന്നു, പുഞ്ചിരിക്കുന്നു. ഇത്രയും ദിവസം കണ്ണിമവെട്ടാതെ കാത്ത ആശുപത്രി ജീവനക്കാരെ പിരിയുന്നതില്‍ സങ്കടം. കഴിഞ്ഞ ഫെബ്രുവരി 20നാണ് തലയിലും ദേഹമാസകലവും ഗുരുതര പരിക്കുമായി മൂന്ന് വയസുകാരിയെ കോലഞ്ചേരിയിലെ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമ്മയുടെ സംരക്ഷണയില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞിന് ഗുരുതര പരിക്കേല്‍ക്കുന്നത്. എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്നത് ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ കുഞ്ഞിന്റെ താത്കാലിക സംരക്ഷണ ചുമതല അച്ഛന് നല്കി. അച്ഛന്റെ നിര്‍ദ്ദേശപ്രകാരമാണ് ശിശുക്ഷേമ സമിതി തുടര്‍ചികിത്സ തിരുവനന്തപുത്താക്കിയത്. ആശുപത്രിയില്‍ ജന്മദിനം ആഘോഷിച്ച ശേഷമായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. തുടര്‍ചികിത്സയ്ക്ക് ശേഷം കുഞ്ഞിന്റെ സംരക്ഷണം ആര്‍ക്ക് കൈമാറണമെന്ന് ശിശുക്ഷേമ സമിതി തീരുമാനിക്കും.
കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടര്‍ന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. എന്നാല്‍ ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവര്‍ത്തിച്ച് പറയുന്നത്. സിഡബ്ല്യൂസിയുടെ കൗണ്‍സിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറയുന്നു.