പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

-

കൊച്ചി>> പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങള്‍, നടക ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നീ മേഖലകളില്‍ തിളങ്ങിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം.

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ഗായകനായിരുന്നു തോപ്പില്‍ ആന്റോ. ചവിട്ടുനാടക കലാകാരനായ തോപ്പില്‍ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായി ആന്റോ ജനിച്ചു. കൊച്ചിയിലെ ഇടപ്പള്ളിയിലാണ് അദ്ദേഹത്തിന്റെ ജനനം.

1956-57 കാലഘട്ടത്തില്‍ ആന്റോ നാടക-പിന്നണി ഗാനരംഗത്തേക്കു കടന്നുവന്നു. ആദ്യകാലങ്ങളില്‍ അമേച്വര്‍ നാടകങ്ങളില്‍ പിന്നണി ഗായകനായി തുടങ്ങിയ ആന്റോ, പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്തെ മികച്ചഗായകനായി പേരെടുത്തു.

എന്‍.എന്‍. പിള്ളയുടെ നാഷണല്‍ തീയേറ്റേഴ്സ്, പിന്നീട് കോട്ടയം വിശ്വകേരളകലാസമിതി, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്സ്, കൊച്ചിന്‍ സംഗമിത്ര തുടങ്ങി അന്നത്തെ പ്രശസ്തമായ ഒട്ടുമിക്ക നാടകസമിതികളുടേയും പ്രിയപ്പെട്ട പിന്നണിഗായകനായിരുന്നു അദ്ദേഹം.

ഫാദര്‍ ഡാമിയന്‍, റാഗിംഗ്, അനുഭവങ്ങളേ നന്ദി, വീണ പൂവ്, ലജ്ജാവതി, സ്നേഹം ഒരു പ്രവാഹം, ഹണീബി ടൂ എന്നിവയാണ് ആന്റോ പിന്നണി പാടിയ സിനിമകള്‍. ആന്റോ ചിട്ടപ്പെടുത്തി, ജീവന്‍ ടിവിയില്‍ ആന്റോ അവതരിപ്പിച്ചിരുന്ന മലയാള നാടക രംഗത്തെ കലാകാരന്മാരെയും കലാകാരികളെയും പരിചയപ്പെടുത്തുന്ന ‘നാടകമേ ഉലകം’ എന്ന പരമ്പര ഏറെ പ്രശംസ നേടിയിരുന്നു. 2014ല്‍, മലയാള നാടക വേദിയുടെ ശതാബ്ദി പ്രമാണിച്ച് കേരള സംഗീത നാടക അക്കാദമി പുറത്തിറക്കിയ, 100 പഴയകാല നാടകഗാനങ്ങളുടെ സിഡി യുടെ ഏകോപനം നിര്‍വഹിച്ചത് തോപ്പില്‍ ആന്റോയായിരുന്നു. കഴിവിന്റെ അംഗീകാരമായി നിരവധി പുരസ്‌ക്കാരങ്ങളും ആന്റോയ്ക്കു ലഭിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →