LOADING

Type to search

സിനിമാതീയേറ്ററുകള്‍ തുറക്കാത്തത് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം വഴിമുട്ടിക്കുന്നു

Kerala Latest News News


കണ്ണൂര്‍>>>കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടും സിനിമാതീയേറ്ററുകള്‍ തുറക്കാത്തത് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം വഴിമുട്ടിക്കുന്നു. ഓരോ മേഖലയിലും ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവരുടെ ദീര്‍ഘമായ കാത്തിരിപ്പ് അവസാനിക്കുന്നില്ല. പിഞ്ഞിപ്പോയ സ്‌ക്രീനില്‍ ഇവരുടെ ജീവിതത്തില്‍ പടര്‍ന്ന കരിനിഴല്‍ എന്നു മാറുമെന്നറിയാതെ ആശങ്കയിലാണ് ഇവരെല്ലാം.

ടൂറിസം മേഖലയിലടക്കം ഇളവുകള്‍ നല്‍കിയിട്ടും തങ്ങളോട് കനിയുന്നില്ലെന്ന ആവലാതിയിലാണ് ഈ രംഗത്ത് കോടികള്‍ ഇറക്കിയ തീയേറ്ററുടമകളില്‍ ഭൂരിഭാഗവും. മിനിമം വൈദ്യുതിബില്‍ ഏഴുലക്ഷമാണ്. ഇതിന്റെ മൂന്നിലൊന്ന് അടക്കണം. ഇത് ഒഴിവാക്കി കിട്ടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ കേരള സമീപിച്ചിരുന്നു. തൊഴിലാളികള്‍ ഒഴിഞ്ഞ് പോകാതിരിക്കാന്‍ ചിലര്‍ കൈയില്‍ നിന്നെടുത്ത് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നുണ്ട്. ശമ്ബളത്തിന്റെ 80 ശതമാനത്തോളം വരുമിത്. പക്ഷെ, ഇങ്ങനെ എത്രകാലമെന്നാണ് ഉടമകളുടെ ചോദ്യം. സിനിമാ റെപ്രസന്റേറ്റീവുമാരുണ്ട്. ഇവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഇന്നേവരെ അവര്‍ക്ക് സര്‍ക്കാരില്‍നിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.

ലക്ഷങ്ങളുടെ ജി.എസ്.ടിയും നികുതിയുമെല്ലാം ഉടമകളുടെ മുന്നിലുണ്ട്. അടച്ചിട്ടതിനാല്‍ മോശമല്ലാത്ത വരുമാനമുണ്ടാകേണ്ടിയിരുന്ന വേനലവധിക്കാലം അപ്പാടെ നഷ്ടമായി. ഇനി തുറന്നാലും പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന വിശ്വാസമില്ലെന്നാണ് പല തീയറ്ററുടമകളുടേയും അഭിപ്രായം. സമീപകാലത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പല തീയറ്ററുകളും വന്‍തുക ചിലവിട്ട് നവീകരിച്ചിരുന്നു. ഇതിനായി എടുത്ത വായ്പാ തിരിച്ചടവ് പൂര്‍ണമായും മുടങ്ങി.
ആമസോണ്‍ പ്രൈംടൈം അടക്കം പുത്തന്‍ സിനിമകളുമായി രംഗത്തുവരുന്നതും വലിയ ഭീഷണിയായാണ് തീയേറ്ററുടമകള്‍ കാണുന്നത്. ഇനി തുറക്കുമ്പോള്‍ ആളുകള്‍ പുതിയ ശീലത്തോട് പൊരുത്തുമെടുമോയെന്ന ആശങ്കയും ഇവര്‍ക്കില്ലാതില്ല. ആരോഗ്യ കാരണമായതിനാല്‍ അടച്ചിടലിനെ പരസ്യമായി വിമര്‍ശിക്കാന്‍ ഉടമകള്‍ക്ക് കഴിയുന്നുമില്ല.

സംസ്ഥാനത്ത് അടച്ചിട്ട 670 തീയ്യേറ്ററുകളിലായി ക്ലീനിംഗ്, ഓപ്പറേറ്റര്‍, ബുക്കിംഗ് ഓപ്പറേറ്റര്‍, ഗേറ്റ്മാന്‍, എ.സി ഓപ്പറേറ്രര്‍, ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍ മുഴുപ്പട്ടിണിയുടെ വക്കിലാണ്. ഇവര്‍ക്ക് പുറമെ സമീപത്ത് ഭക്ഷണവില്‍പ്പനയിലും ഓട്ടോ ഓടിച്ചും ജീവിക്കുന്നവരുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.