കോതമംഗലം വലിയ പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ 10 മുതല്‍ 15 വരെ നടക്കും

സ്വന്തം ലേഖകൻ -

കോതമംഗലം >>>വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ എ.ഡി 498 ല്‍ സ്ഥാപിതമായ അതിപുരാതനമായ കോതമംഗലം മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഗസ്റ്റ് 10 മുതല്‍ 15 വരെ നടക്കും.


പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 10 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള തീയതികളില്‍ രാവിലെ 6.45 ന് പ്രഭാത നമസ്‌കാരവും 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരവും നടത്തപ്പെടും.

ആഗസ്റ്റ് 14 ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കോതമംഗലം-ഹൈറേഞ്ച് മേഖലാധിപന്‍ മോര്‍ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം പേടകത്തില്‍ നിന്ന് പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വിശ്വാസികള്‍ക്ക് ദര്‍ശിക്കുവാനും വണങ്ങി അനുഗ്രഹം പ്രാപിപ്പാനും സൗകര്യമൊരുക്കും.


ആഗസ്റ്റ് 14 വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ നേതൃത്വം നല്‍കും. വാങ്ങിപ്പ് പെരുന്നാള്‍ ദിവസമായ ആഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 5.15 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് 6 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും നടക്കും.

7.15 ന് നടക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് അങ്കമാലി മേഖലാധിപന്‍ ഡോ. മോര്‍ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. 8.45 ന് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിക്കും.
കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നിയന്ത്രണ വിധേയമായാണ് പെരുന്നാള്‍ ചടങ്ങുകള്‍ നടത്തുക.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →