തണല്‍പരിവാര്‍ ഭിന്നശേഷി മാസാചരണത്തിന് വര്‍ണാഭമായ തുടക്കം

-

പെരുമ്പാവൂര്‍>>ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷികുട്ടികളുടേയും അംഗപരിമിതരുടേയും രക്ഷാകര്‍തൃ സംഘടനയായ തണല്‍പരിവാര്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി മാസാചരണത്തിന് വര്‍ണാഭമായ തുടക്കമായി.

ഒരുമിക്കാം കൈകോര്‍ക്കാം. ഭിന്നശേഷി സമൂഹത്തിന്റെ കരുതലായി തണലായി എന്ന സന്ദേശവുമായി സംഘടിപ്പിച്ച സമ്മേളനം പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. എം.ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

തണല്‍പരിവാര്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടന്‍ ഭിന്നശേഷി മാസാചരണ സന്ദേശം നല്‍കി. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് നെജു വി.എ. സ്മിത ഉണ്ണികൃഷ്ണന്‍, നസീമ ബഷീര്‍, രജനി രാജേഷ് പി.ജെ സബിത എന്നിവര്‍ പ്രസംഗിച്ചു.

ഭിന്നശേഷി മേഖലയിലെ വിവിധ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ സമ്മേളനത്തില്‍ ആദരിച്ചു. ജെ.സി.ഐ ഗ്രാമസ്വരാജ് അവാര്‍ഡിന് അര്‍ഹനായ മനോജ് മൂത്തേടനെ ഡോ. എം.ആര്‍. നായര്‍ ദേശീയോദ്ഗ്രഥന പട്ടും തണല്‍പരിവാര്‍ സ്മൃതി മെഡലും നല്‍കി അനുമോദിച്ചു.

ഡിസംബര്‍ മൂന്ന് മുതല്‍ 2022 ജനുവരി 3 വരെ നീളുന്ന ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി തണല്‍പരിവാര്‍ സൊസൈറ്റി റിഹാബിലിറ്റേഷന്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ എന്നിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ മെഡിക്കല്‍ ആരോഗ്യ ഉപകരണങ്ങളുടെ വിതരണം, തണല്‍പരിവാര്‍ ഉണര്‍വ് കലേത്സവം, ഭിന്നശേഷികുടുംബങ്ങളുടെ സൗഹൃദവിനോദയാത്ര, വിവിധതരം മൊബിലിറ്റി ടെയിനിംഗ് പ്രോഗ്രാമുകള്‍, സെമിനാറുകള്‍, ലക്ഷം രൂപയുടെ പ്രത്യേക ചികിത്സാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണം, ഭിന്നശേഷിക്കാരായിരിക്കെത്തന്നെ സമൂഹത്തിന് വിവിധ ശാക്തീകരണ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരസമര്‍പ്പണം, ഉണര്‍വ് സഹജീവനം കൃഷിയിട പദ്ധതി, സമ്പൂര്‍ണ്ണ ഗാര്‍മെന്റ് മേക്കിംഗ്, ജ്വല്ലറി മേക്കിംഗ്, ക്രാഫ്റ്റ് പരിശീലനങ്ങള്‍, വിവിധ ഭിന്നശേഷിസ്ഥാപനങ്ങള്‍ക്കുള്ള സഹായവിതരണം, ഭവനസന്ദര്‍ശനം, സാഹിത്യ കൂട്ടായ്മ എന്നിവ സംഘടിപ്പിക്കുമെന്ന് തണല്‍പരിവാര്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. അംബിക, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍ എന്നിവര്‍ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →