ഉയര്‍ന്ന ടി പി ആര്‍: കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേരളത്തിലെത്തിയ കേന്ദ്ര സംഘം, പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശം

രാജി ഇ ആർ -

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളില്‍ സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട് പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള സംഘം ഇന്ന് സന്ദര്‍ശനം നടത്തിയത്.

പരിശോധനകള്‍, കോണ്‍ടാക്ട് ട്രെയിസിംഗ്, ചികിത്സാസംവിധാനങ്ങള്‍ എന്നിവയാണ് സംഘം പ്രധാനമായും അവലോകനം ചെയ്യുന്നത്. ഇവിടങ്ങളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പരിശോധനകളുടെ എണ്ണം കൂട്ടാനാണ് പ്രധാന നിര്‍ദേശം. ഇതിനൊപ്പം കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശാസ്ത്രീയ നിയന്ത്രണ രീതികള്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കോഴിക്കോട് ജില്ലയിലെ രൂക്ഷമായ വാക്‌സിന്‍ ക്ഷാമം കളക്ടര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് സംഘം വ്യക്തമാക്കി. നാളെ തിരുവവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍ സി ഡി സി) ഡയറക്ടര്‍ ഡോ എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറുപേടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെത്തിയത്.