തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് പരിശീലനത്തിനിടെ അപകടം; 50 ഓളം പേര്‍ക്ക് പരിക്കേറ്റു, സംഘാടകര്‍ക്കെതിരെ പൊലീസ് കേസ്

-

ചെന്നൈ>> തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന ഊര്‍ തിരുവിഴക്കിടെ കാളകള്‍ വിരണ്ടോടി അന്‍പതോളം പേര്‍ക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാന്‍ നടത്തുന്ന പരിശീലനമാണിത്. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകര്‍ക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു.

മാര്‍കഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴൈ ചടങ്ങ് സംഘടിപ്പിച്ചത്. മാടുകളെ ജല്ലിക്കട്ടിനൊരുക്കാന്‍ ആചാരപരമായി നടത്തുന്ന പരിശീലനമാണിത്. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടന്നത്.

തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി ജില്ലകളില്‍ നിന്നായി അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളും ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് ഊര്‍ തിരുവിഴ നടത്താന്‍ സംഘാടകര്‍ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നല്‍കിയിരുന്നില്ല. വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാളകള്‍ വിരണ്ടോടിയത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മാര്‍കഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങ് പൊലീസ് ഇടപെട്ട് നിര്‍ത്തിവച്ചു. അനുമതി നിഷേധിച്ചിട്ടും ചടങ്ങ് നടത്തിയതിനാല്‍ അഞ്ച് സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ മാസം 15നാണ് തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കല്‍. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകള്‍ നടക്കാനിരിക്കുന്നു. തമിഴ് ജനതയ്ക്ക് മേല്‍ വലിയ വൈകാരിക സ്വാധീനമുള്ള ജല്ലിക്കട്ടിന് അനുമതി നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇതുവരെ വന്നിട്ടില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →